കുഞ്ഞികൃഷ്ണനെതിരെ എം.വി. ഗോവിന്ദൻ പാർട്ടിക്കെതിരെ തോന്ന്യാസം എഴുതിയാൽ കേസ് കൊടുക്കും കണക്ക് ഇപ്പോൾ പുറത്തുവിടാൻ മനസില്ല
കണ്ണൂർ: പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിൽ പാർട്ടിയെക്കുറിച്ചോ നേതാക്കൾക്കെതിരെയോ തോന്ന്യാസം എഴുതിയാൽ വി.കുഞ്ഞികൃഷ്ണനെതിരെ കേസ് കൊടുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ധനരാജ് രക്തസാക്ഷി ഫണ്ടിന്റെ വിശദാംശങ്ങൾ തന്റെ പുസ്തക പ്രകാശനത്തിന് മുമ്പ് പുറത്തുവിടണമെന്ന കുഞ്ഞികൃഷ്ണന്റെ വെല്ലുവിളിയും അദ്ദേഹം തള്ളി. കണക്ക് ഇപ്പോൾ പുറത്തുവിടാൻ മനസില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കുഞ്ഞികൃഷ്ണന്റെ പുസ്തകം ഇറങ്ങിയതിനുശേഷം രക്തസാക്ഷി ഫണ്ട് സംബന്ധിച്ച കാര്യങ്ങൾ ജനങ്ങളോട് പറയും. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ഒരാൾ എന്ത് വെല്ലുവിളി നടത്താനാണ്. കുഞ്ഞികൃഷ്ണന്റെ കണക്കല്ല കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കണക്ക്. കുഞ്ഞികൃഷ്ണന്റെ ചോദ്യത്തിന് ഉത്തരം പറയാൻ മനസില്ല.
കുഞ്ഞികൃഷ്ണൻ പാർട്ടിയുടെ മുന്നിൽ അടഞ്ഞ അദ്ധ്യായമാണ്. പയ്യന്നൂരിലെ പാർട്ടിയെ തകർക്കാൻ കുഞ്ഞികൃഷ്ണൻ വലതുപക്ഷ മാദ്ധ്യമങ്ങൾക്കൊപ്പം ചേർന്നു പ്രവർത്തിക്കുകയാണ്. പാർട്ടിയെ വെല്ലുവിളിക്കാൻ കുഞ്ഞികൃഷ്ണൻ ആരാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയെയോ ഇടതുപക്ഷത്തെയോ തകർക്കാൻ ഒരു കുഞ്ഞികൃഷ്ണനും സാധിക്കില്ല.
സോണിയയുടെ പങ്ക്
അന്വേഷിക്കണം
ശബരിമല സ്വർണക്കൊള്ളയിൽ സോണിയാഗാന്ധിയുടെ പങ്ക് അന്വേഷിക്കണമെന്ന് എം.വി.ഗോവിന്ദൻ ആവശ്യപ്പെട്ടു സോണിയാഗാന്ധിയുടെ വസതിയിൽ കോൺഗ്രസുകാർക്ക് പോലും പ്രവേശനത്തിന് നിയന്ത്രണമുണ്ട്. അത്തരമൊരാളുടെ വസതിയിൽ എങ്ങനെയാണ് ഉണ്ണികൃഷ്ണൻ പോറ്റി എത്തിയതെന്ന് പരിശോധിക്കപ്പെടേണ്ട കാര്യമാണ്.