യു.ഡി.എഫ് സീറ്റ് വിഭജനം അന്തിമ ഘട്ടത്തിലേക്ക്
തിരുവനന്തപുരം: യു.ഡി.എഫിൻ്റെ സീറ്റുവിഭജന ചർച്ച അന്തിമ ഘട്ടത്തിലേക്ക്. ഇന്നും നാളെയുമായി ചർച്ച പൂർത്തിയാക്കുകയാണ് ലക്ഷ്യം.ഇന്നലെ ആർ.എസ്.പിയുമായും ഫോർവേഡ് ബ്ളോക്കുമായുമാണ് പ്രധാന ചർച്ച നടന്നത്. ഇടതുപക്ഷം വിട്ട് യു.ഡി.എഫിലേക്ക് ചേക്കേറിയ പി.വി.അൻവറിന് ബേപ്പൂർ സീറ്റ് ലൽസകും. ഇന്നലെ അൻവറുമായും ചർച്ച നടന്നു.
ഘടകകക്ഷികൾക്ക് പുറമെ കോൺഗ്രസിന്റെ ജില്ലാ അദ്ധ്യക്ഷന്മാരുമായും പ്രധാന നേതാക്കളുമായുള്ള ചർച്ചകളും നടക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണിജോസഫ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ഇന്നലെ ഉച്ചവരെയുള്ള ചർച്ചയിൽ രമേശ് ചെന്നിത്തലയും ഉണ്ടായിരുന്നു.എ.ഐ.സി.സി സ്ക്രീനിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ മധുസൂദൻ മിസ്ത്രിയും ഇന്നലെ തലസ്ഥാനത്തുണ്ടായിരുന്നു.
കഴിഞ്ഞ തവണ അഞ്ചു സീറ്റിൽ മത്സരിച്ച ആർ.എസ്.പിക്ക് അത്രയും സീറ്റ് ഇക്കുറിയും നൽകുമെങ്കിലും ചില മണ്ഡലങ്ങൾ മാറണമെന്ന അവശ്യമാണ് അവർ മുന്നോട്ടു വച്ചിട്ടുള്ളത്. ആറ്റിങ്ങലിന് പകരം വർക്കല, വാമനപുരം, അരുവിക്കര സീറ്റുകളിലേതെങ്കിലുമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. മട്ടന്നൂർ സീറ്റിന് പകരം അമ്പലപ്പുഴയോ , കൊല്ലമോ വേണമെന്ന ആവശ്യവും വച്ചിട്ടുണ്ട്. ഇതിൽ കൊല്ലം സീറ്റ് നൽകാനാവില്ലെന്ന നിലപാടാണ് കോൺഗ്രസ് പ്രകടിപ്പിച്ചത്. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബുബേബിജോൺ, എൻ.കെ.പ്രേമചന്ദ്രൻ എം.പി, ബാബുദിവാകരൻ, എ.എ അസീസ് തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുത്തത്. കൊല്ലം ജില്ലയിലെ ചാത്തന്നൂർ സീറ്റാണ് ഫോർവേഡ് ബ്ലോക്ക് ആവശ്യപ്പെട്ടത്. ആവശ്യം അംഗീകരിക്കപ്പെട്ടാൽ ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജനാവും മത്സരിക്കുക.ജില്ലകളിലെ പ്രമുഖ നേതാക്കളുമായി കോൺഗ്രസ് നേതൃത്വം നടത്തി വന്ന ചർച്ചകളും അവസാന ഘട്ടത്തിലാണ് . ഇന്നലെ ഇടുക്കി, തൃശൂർ ജില്ലകളിലെ നേതാക്കളുമായി കൂടിയാലോചന നടത്തി.