സ്വർണം വീണ്ടും മുകളിലോട്ട്; പവൻവിലയിൽ 4,840 രൂപയുടെ വർദ്ധനവ്, കാത്തിരുന്ന മാറ്റം ഉടനില്ല?

Wednesday 04 February 2026 10:35 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർദ്ധനവ്. പവന് 4,840 രൂപ കൂടി 1,17,720 രൂപയും ഗ്രാമിന് 605 രൂപ ഉയർന്ന് 14,715 രൂപയുമായി. കഴിഞ്ഞ മൂന്നുദിവസങ്ങളായി സ്വർണവിലയിൽ വലിയ ഇടിവ് സംഭവിച്ചത് ആഭരണം വാങ്ങാൻ കാത്തുനിന്നവരിൽ കാര്യമായ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ ആഗോള വിപണിയിലെ പെട്ടെന്നുള്ള മാ​റ്റം സ്വർണവിലയിൽ വൻ തിരിച്ചടിയാണുണ്ടാക്കിയത്.

ഇന്നലെ രാവിലെ പവൻവിലയിൽ 1000 രൂപയുടെ ഇടിവ് സംഭവിച്ചെങ്കിലും ഉച്ചയോടെ പവൻവില 1600 രൂപ കൂടി 1,12,880 രൂപയിലെത്തിയിരുന്നു. ഫെബ്രുവരി രണ്ടിനുമാത്രം പവൻവിലയിൽ 9,840 രൂപയുടെ ഇടിവാണ് സംഭവിച്ചത്. ഇതോടെ ദിവസങ്ങൾക്കുള്ളിൽ പവൻവില ഒരു ലക്ഷത്തിന് താഴെ പോകുമെന്ന് വിപണിയിൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഓഹരി വിപണിയിലെ വൻകുതിപ്പും രൂപയുടെ മൂല്യത്തിലുണ്ടായ വർദ്ധനവും സ്വർണവിലയിൽ ഒരുപരിധിവരെ പ്രതിഫലിക്കുകയായിരുന്നു.

ഇന്ത്യയും യുഎസുമായുള്ള വ്യാപാരക്കരാറിലെ ആശങ്കമാറി വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിലേക്ക് വീണ്ടും തിരിച്ചെത്തിയതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഇന്നലെ മികച്ച മുന്നേറ്റമുണ്ടായി. കോർപ്പറേറ്റുകളും വിദേശ നിക്ഷേപകരും വലിയ തോതിൽ ഡോളർ വാങ്ങികൂട്ടി. ഇതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ 122 പൈസ നേട്ടവുമായി 90.27ൽ എത്തി. രണ്ടര വർഷത്തിനിടെ രൂപയുടെ മൂല്യത്തിലുണ്ടായ ഏറ്റവും വലിയ പ്രതിദിന വർദ്ധനയാണിത്.

അതേസമയം,വിലയിൽ ചാഞ്ചാട്ടമുണ്ടായിട്ടും നിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടുകയാണ്. സ്വർണത്തെ ഒരു നിക്ഷേപമായി കാണുന്നതുകൊണ്ടാണ് പലരും ഇത് ചെയ്യുന്നതെന്നാണ് ഇടിമണ്ണിക്കൽ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ മാനേജിംഗ് ഡയറക്ടറും സാമ്പത്തിക നിരീക്ഷകനുമായ സണ്ണി തോമസ് പറയുന്നത്. ചിലർ ഭാവി നിക്ഷേപത്തിനായി പണിക്കൂലി കുറഞ്ഞതും ഈടുള്ളതുമായ സ്വർണം വാങ്ങുമ്പോൾ മറ്റുചിലർ 22 കാരറ്റിന്റെ സ്വർണനാണയമോ 24 കാരറ്റിന്റെ സ്വർണബിസ്ക്കറ്റോ വാങ്ങി സൂക്ഷിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇന്നത്തെ വെള്ളിവില

സംസ്ഥാനത്ത് ഇന്ന് വെള്ളിവിലയിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 320 രൂപയും കിലോഗ്രാമിന് 3,​20,​000 രൂപയുമാണ്. ഇന്നലെ ഗ്രാമിന് 300 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.