പെരുമ്പളം ദ്വീപിലേക്കുള്ള പാലം തുറക്കുന്നു; വിനോദസഞ്ചാരികൾക്ക് സുസ്വാഗതം

Thursday 05 February 2026 1:38 AM IST
വേമ്പനാട് കായലിന്റെ സൗന്ദര്യം നുകരാൻ.. ദ്വീപിലേക്കുള്ള പുതിയ പാലം

പെരുമ്പളം: വേമ്പനാട്ടുകായലിന്റെ മനോഹാരിതയും ഗ്രാമീണവിശുദ്ധിയും ആസ്വദിക്കാൻ പെരുമ്പളംദ്വീപും പാലവും ഒരുങ്ങി. വേമ്പനാട്ടുകായലിന് കുറുകെ വില്ലുവണ്ടി കമാനമാതൃകയിലുള്ള ഏറ്റവും വലിയപാലം ഈ മാസം തുറന്നുകൊടുക്കും. ഉദ്ഘാടനം ഒരാഴ്ച ദ്വീപിൽ ഉത്സവാന്തരീക്ഷത്തിൽ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് രാഷ്ട്രീയഭേദമെന്യേ ദ്വീപുനിവാസികൾ.

വിനോദസഞ്ചാരികൾക്ക് കായൽക്കാഴ്ചകൾ, വള്ളത്തിലെ മത്സ്യബന്ധനം, സൂര്യോദയവും അസ്തമയവും, ഹൗസ്ബോട്ട്, ശിക്കാരവള്ളത്തിലെ യാത്രകൾ, ബോട്ടുയാത്ര എന്നിവ ആസ്വദിക്കാം. ഗ്രാമീണാനുഭവങ്ങൾ തേടിയെത്തുന്നവർക്ക് റിസോർട്ടുകളിലോ ഹോംസ്റ്റേകളിലോ താമസിക്കാം. ആശാൻ കളരികൾ, കാവുകൾ, അമ്പലങ്ങൾ, വയലുകൾ, കുളങ്ങൾ എന്നിവയാൽ സമ്പന്നമായ ദ്വീപിന്റെ തനിമ നിലനിറുത്തിക്കൊണ്ടാണ് വികസനം. നെൽക്കൃഷി, പച്ചക്കറി കൃഷി, നിലക്കടല കൃഷി, ചെമ്മീൻ കെട്ടുകൾ, കായൽ വിഭവങ്ങൾ എന്നിവ സഞ്ചാരികളെ ആകർഷിക്കും. ദ്വീപിലെ തേങ്ങയും കുടംപുളിയും എങ്ങും പ്രസിദ്ധമാണ്.

പരമ്പരാഗത രീതിയിൽ മുണ്ട് നെയ്യുന്ന കൈത്തറി യൂണിറ്റും ഖാദി ചർക്കയും ദ്വീപിന്റെ പ്രത്യേകതയാണ്. കൈതോലകൊണ്ട് തഴപ്പായ നെയ്യുന്നതും കയർ വ്യവസായവും ഇവിടെ പരിചയപ്പെടാം. നഗരസംസ്കാരത്തിന്റെ അതിപ്രസരമില്ലാതെ ഗ്രാമവിശുദ്ധി കാത്തുസൂക്ഷിക്കാനുള്ള ജാഗ്രതയിലാണ് നാട്ടുകാർ. പാലം വരുന്നതോടെ ദ്വീപിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകളുടെ യാത്രയും തുടങ്ങും. യാത്രാക്ലേശം പരിഹരിക്കപ്പെടുന്നതിനൊപ്പം നാടിന്റെ സാമ്പത്തിക വളർച്ചയ്ക്കും ഇത് വഴിയൊരുക്കും.

കാഴ്ചകൾ നയനമനോഹരം

ചൂണ്ടയിടൽ, വലവീശൽ, ചീനവലയിലെ മീൻപിടിത്തം എന്നിവ നേരിൽ കാണാനും അനുഭവിക്കാനും ഇവിടെ സൗകര്യമുണ്ട്

കള്ള് ചെത്ത്, തുണിനെയ്ത്ത്, ഓലമെടയൽ, കയർപിരി എന്നിവയും സഞ്ചാരികൾക്ക് പഠിക്കാം

ബ്രിട്ടീഷ് കാലത്തെ വിളക്കുമരവും പഴമയാർന്ന നാലുകെട്ടുകളും എട്ടുകെട്ടുകളും പടിപ്പുരകളും ദ്വീപിന്റെ ചരിത്രസാക്ഷ്യങ്ങളാണ്

പാലം ഉദ്ഘാടനം ചെയ്താൽ ഉത്തരവാദിത്വ വിനോദസഞ്ചാര മേഖലയിൽ വലിയ കുതിച്ചുചാട്ടത്തിനാണ് പ്രകൃതിദത്തമായ പെരുമ്പളം ദ്വീപ് സാക്ഷ്യംവഹിക്കുക. ശാന്തവും സുന്ദരവുമായ ദ്വീപ് ഇനി സമാനതകളില്ലാത്ത വികസനത്തിന് ഒരുങ്ങിക്കഴിഞ്ഞു

ദലീമ ജോജോ

എം.എൽ.എ