അന്നനാളത്തിൽ മോതിരം കുടുങ്ങി
Thursday 05 February 2026 12:13 AM IST
ആലുവ: കളിക്കുന്നതിനിടെ ഏഴ് വയസുകാരൻ അബദ്ധത്തിൽ വിഴുങ്ങിയ മോതിരം ഡോക്ടർമാർ സുരക്ഷിതമായി പുറത്തെടുത്തു. ആലുവ കുട്ടമശേരി സ്വദേശിയായ കുട്ടിയുടെ അന്നനാളത്തിൽ കുടുങ്ങിയ മോതിരമാണ് രാജഗിരി ആശുപത്രിയിലെ ഡോക്ടർമാർ എൻഡോസ്കോപ്പി വഴി പുറത്തെടുത്തത്. കുട്ടി മോതിരം വിഴുങ്ങിയ ഉടൻ വീട്ടുകാർ കുട്ടമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സ്റേ പരിശോധനയിൽ മോതിരം അന്നനാളത്തിൽ കണ്ടെത്തി. തുടർന്നാണ് എൻഡോസ്കോപ്പി സൗകര്യമുള്ള രാജഗിരി ആശുപത്രിയിലെത്തിച്ചത്. ഡോ. തരുൺ ടോം ഉമ്മൻ, ഡോ. ജോമോൻ എം. ജോർജ്, ഡോ. ജിതിൻ ജോൺ, ഡോ. എസ്. രാജേഷ്, ഡോ. അഖിൽ ബേബി എന്നിവർ ചികിത്സയ്ക്ക് നേതൃത്വം നൽകി.