സെഞ്ച്വറി അടിച്ച് കറിവേപ്പില!

Thursday 05 February 2026 12:51 AM IST
കറിവേപ്പില

കൊച്ചി: പച്ചക്കറി കടയിൽ ചെന്നാൽ പച്ചമുളകിനും ഇഞ്ചിക്കുമൊപ്പം ഇനി സൗജന്യമായി കറിവേപ്പില ലഭിക്കില്ല. കറിവേപ്പില വില ഒറ്റയടിക്ക് 100 രൂപ തൊട്ടതാണ് കാരണം. എറണാകുളം മാർക്കറ്റിലെ മൊത്തവിതരണ കേന്ദ്രത്തിലെ നിരക്കാണിത്. ചില്ലറവില്പന കേന്ദ്രങ്ങളിൽ വില ഇതിലും കൂടും. കഴിഞ്ഞ മാസം വരെ കിലോയ്ക്ക് 70 രൂപയായിരുന്നു കറിവേപ്പിലയുടെ വില.

തമിഴ്‌നാട്ടിലെ മേട്ടുപ്പാളയം, കാരമട, തെലങ്കാന എന്നിവിടങ്ങളിലാണ് കറിവേപ്പില വ്യാപകമായി കൃഷി ചെയ്യുന്നത്. ഇത്തവണ കോടമഞ്ഞ് ശക്തമായതോടെ ഏക്കറുകണക്കിന് കൃഷിത്തോട്ടത്തിലെ ഇലകൾ നശിച്ചുപോയി. ഇതോടെ ലഭ്യതയും കുത്തനെ ഇടിഞ്ഞു. ഇതാണ് വില വർദ്ധനയ്ക്ക് കാരണമായത്.

നിലവിൽ 50 ഗ്രാം അല്ലെങ്കിൽ ഒരു ചെറിയ കെട്ടിന് 10 മുതൽ 30 രൂപ വരെ പലരും ഈടാക്കുന്നുണ്ട്. അയൽസംസ്ഥാനങ്ങളിൽ നിന്ന് പ്രതിദിനം കെട്ടുകണക്കിന് കറിവേപ്പിലയാണ് എറണാകുളം മാർക്കറ്റിൽ എത്തിയിരുന്നത്. ഇപ്പോൾ ഇതിന്റെ അളവിൽ കുറവുണ്ടായിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു.

 ഏഷ്യക്കാരൻ ഏഷ്യയാണ് കറിവേപ്പിന്റെ ജന്മദേശം. ഇന്ത്യയിൽ വ്യാപകമായി കൃഷി ചെയ്യുന്നു. മിക്ക സംസ്ഥാനങ്ങളിലേയും ഭക്ഷ്യവിഭവങ്ങളിൽ ഒഴിച്ചുകൂടാനാകാത്തതാണ് കറിവേപ്പില.

തയ്യാറാക്കിയത് : ആമിന പർവീൺ, തുഫൈല മിർവാന​​​​​