ഫെഡറൽ ബാങ്കിന്റെ ലാഭം 56.63 ശതമാനം ഉയർന്നു

Thursday 17 October 2019 4:05 AM IST

 മൊത്തം ബിസിനസ് ₹2.50 ലക്ഷം കോടി കവിഞ്ഞു

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാംപാദമായ ജൂലായ് - സെപ്‌തംബറിൽ ഫെഡറൽ ബാങ്ക് 56.63 ശതമാനം വർദ്ധനയോടെ 416.70 കോടി രൂപയുടെ അറ്റ ലാഭം രേഖപ്പെടുത്തി. 2018-19ലെ സമാനപാദത്തിൽ ലാഭം 266.04 കോടി രൂപയായിരുന്നു. പ്രവർത്തനലാഭം 718.80 കോടി രൂപയാണ്.

ബാങ്കിന്റെ മൊത്തം ബിസിനസ് ആദ്യമായി 2.50 ലക്ഷം കോടി രൂപ കവിഞ്ഞു. 16.57 ശതമാനം വർദ്ധനയോടെ 2.55 ലക്ഷം കോടി രൂപയാണ് മൊത്തം ബിസിനസ്. മൊത്തം വായ്‌പകൾ ഒരുലക്ഷം കോടി രൂപയിൽ നിന്ന് 1.15 ലക്ഷം കോടി രൂപയിലേക്കും മൊത്തം നിക്ഷേപം 1.18 ലക്ഷം കോടി രൂപയിൽ നിന്ന് 1.39 ലക്ഷം കോടി രൂപയിലേക്കും വർദ്ധിച്ചു. എൻ.ആർ.ഇ നിക്ഷേപത്തിൽ 12.62 ശതമാനവും കാസ നിക്ഷേപത്തിൽ 11.57 ശതമാനവും വർദ്ധനയുണ്ട്.

കഴിഞ്ഞപാദത്തിൽ ബാങ്കിന്റെ വരുമാനം 19.02 ശതമാനം വർദ്ധിച്ച് 3,​675.15 കോടി രൂപയിലെത്തി. റീട്ടെയിൽ വായ്‌പകളിൽ 25.41 ശതമാനം,​ കാർഷിക വായ്‌പയിൽ 21.36 ശതമാനം,​ ഭവന വായ്‌പയിൽ 23.85 ശതമാനം എന്നിങ്ങനെയും വളർച്ചയുണ്ട്. മൊത്തം നിഷ്‌ക്രിയ ആസ്‌തി 3.11 ശതമാനത്തിൽ നിന്ന് 3.07 ശതമാനത്തിലേക്ക് കുറഞ്ഞു. ജൂൺപാദത്തിൽ ഇത് 2.98 ശതമാനമായിരുന്നു. പാദാടിസ്ഥാനത്തിൽ അറ്റ നിഷ്‌ക്രിയ ആസ്‌തി 1.50 ശതമാനത്തിൽ നിന്ന് 1.59 ശതമാനത്തിലുമെത്തി.