മലയാളി താരം ആരണ്‍ ജോര്‍ജിന് സെഞ്ച്വറി, ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍

Wednesday 04 February 2026 8:31 PM IST

ഹരാരെ (സിംബാബ്‌വെ): മലയാളി താരം ആരണ്‍ ജോര്‍ജിന്റെ സെഞ്ച്വറി മികവില്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍. സെമിയില്‍ അഫ്ഗാനിസ്ഥാനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. അഫ്ഗാന്‍ ഉയര്‍ത്തിയ 311 റണ്‍സ് വിജയലക്ഷ്യം 41.1 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. വെള്ളിയാഴ്ച നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ട് ആണ് ഇന്ത്യയുടെ എതിരാളികള്‍. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും അധികം തവണ കപ്പ് നേടിയിട്ടുള്ള ഇന്ത്യ തങ്ങളുടെ 10ാം ഫൈനലിനാണ് ഇപ്പോള്‍ യോഗ്യത നേടിയിരിക്കുന്നത്.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് വെടിക്കെട്ട് തുടക്കമാണ് വൈഭവ് സൂര്യവംശി 68(33) നല്‍കിയത്. 10ാം ഓവറില്‍ അഫ്ഗാന് ആദ്യ വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോള്‍ നാല് സിക്‌സറുകളും ഒമ്പത് ബൗണ്ടറികളും വൈഭവ് അടിച്ച് കൂട്ടിയിരുന്നു. മറ്റൊരു ഓപ്പണറും മലയാളി താരവുമായ ആരണ്‍ ജോര്‍ജ് മിന്നും സെഞ്ച്വറിയോടെ ടീമിനെ വിജയത്തിലേക്ക് നയിച്ചു 104 പന്തുകളില്‍ നിന്ന് 115 റണ്‍സ് നേടിയാണ് കോട്ടയം സ്വദേശിയായ താരം പുറത്തായത്. 15 ബൗണ്ടറികളും രണ്ട് സിക്‌സറുകളും ആരണ്‍ അടിച്ചെടുത്തു.

ക്യാപ്റ്റന്‍ ആയുഷ് മാത്രെ 62(59) അര്‍ദ്ധ സെഞ്ച്വറി നേടി. രണ്ടാം വിക്കറ്റില്‍ ആരണ്‍ - മാത്രെ സഖ്യം നേടിയ 114 റണ്‍സാണ് ജയത്തിന് അടിത്തറയിട്ടത്. വിഹാന്‍ മല്‍ഹോത്ര 38*(47), വേദാന്ത് ത്രിവേദി 5*(6) എന്നിവര്‍ പുറത്താകാതെ നിന്നു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സ് നേടി. സെഞ്ച്വറികള്‍ നേടിയ ഫൈസല്‍ ഷിനോസദ 110(93), ഉസൈറുള്ള നിയസായ് 101(86) എന്നിവരുടെ മികവിലാണ് അഫ്ഗാന്‍ മികച്ച സ്‌കോര്‍ കണ്ടെത്തിയത്. ഇന്ത്യക്ക് വേണ്ടി കനിഷ്‌ക് ചൗഹാന്‍, ദീപേഷ് ദേവേന്ദ്രന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി.