ഊട്ടറ പാലം നിർമ്മാണം പുരോഗമിക്കുന്നു
കൊല്ലങ്കോട്: ഗായത്രിപുഴയ്ക്ക് കുറുകെ കാലപ്പഴക്കം ചെന്ന ഊട്ടറ പഴയ പാലത്തിന് സമാന്തരമായി ഊട്ടറ പുതിയ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കൊല്ലങ്കോട് പ്രദേശത്തെയും പുതുനഗരത്തെയും ബന്ധിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ കിഫ്ബി ഫണ്ട് ഉപയോഗിച്ച് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലെപ്പ്‌മെന്റ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡാണ് പാലം നിർമ്മാണം നടത്തുന്നത്. കാലപ്പഴക്കമുള്ളതും തകർന്ന് അറ്റകുറ്റപണികൾ ചെയ്തതുമായ നിലവിലെ പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിർമ്മിക്കുന്നത്. 7.67 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന ഊട്ടറ പുഴ പാലത്തിന്റെ നിർമ്മാണോദ്ഘാടനം 2025 സെപ്തംബർ 13 ന് മന്ത്രി പി.എ.മുഹമ്മദ് റിയാസാണ് നിർവഹിച്ചത്. നിലവിൽ ഫൗണ്ടേഷൻ നിർമ്മാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഗർഡറുകളുടെ നിർമ്മാണം ഉടൻ തന്നെ ആരംഭിക്കും.
190.58 മീറ്റർ നീളം, 11.05 മീറ്റർ വീതി ഇരുവശത്തും 11.05 മീറ്റർ വീതിയിലും, 190.58 മീറ്റർ നീളത്തിലുമാണ് നടപ്പാത. 30.72 മീറ്റർ നീളത്തിൽ രണ്ട് സ്പാനുകളിലായി ആകെ 61.44 മീറ്റര് നീളമുള്ള പാലവും, കൊല്ലങ്കോട് വശത്ത് 58.12 മീറ്റര് നീളമുള്ള അപ്രോച്ച് റോഡും, പുതുനഗരം വശത്ത് 71.82 മീറ്റർ നീളമുള്ള അപ്രോച്ച് റോഡും ഉൾപ്പെട്ടതാണ് പാലം. നിരപ്പിൽ നിന്നും പാറപൊട്ടിച്ചെടുത്ത ശേഷം കുഴികളാക്കി കോൺക്രീറ്റ് ചെയ്താണ് തൂണുകൾ നിർമ്മിക്കുന്നത്. ഗർഡർ വാർത്തെടുക്കുന്നതിനായി സമാന്തമായി നിർമ്മിക്കുന്ന പാലത്തിന്റെ സമീപത്തായി സ്ഥലം ഒരുക്കിയിയിട്ടുണ്ട്. പുഴപ്പാലം യാഥാർത്ഥ്യമാകുന്നതോടെ കൊല്ലങ്കോട് നിന്നും പാലക്കാട് ഭാഗത്തേക്കുള്ള യാത്ര സുഗമമാകും.