വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് വില്പന; പ്രതികൾ പിടിയിൽ

Thursday 05 February 2026 12:44 AM IST

മൂവാറ്റുപുഴ: കാവുങ്കരയിൽ വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് മൊത്തവ്യാപാരവും ചില്ലറവിൽപ്പനയും നടത്തിയ മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ 1.829 കിലോ കഞ്ചാവുമായി എക്സൈസ് പിടികൂടി. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശികളായ സുജൻ മണ്ഡൽ (24), ഇന്ദ്രദേവ് മണ്ഡൽ (27), വികാസ് മണ്ഡൽ (26) എന്നിവരെ ചൊവ്വാഴ്ച രാത്രിയാണ് എക്സൈസ് ഇൻസ്പെക്ടർ ടി.ശ്രീജിതിന്റെ നേതൃത്വത്തിൽ വീട് വളഞ്ഞ് പിടികൂടിയത്. മൂവാറ്റുപുഴ കേന്ദ്രീകരിച്ച് കഞ്ചാവും ഹെറോയിനും വിൽക്കുന്ന പ്രധാന സംഘമാണിതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ ഒരു മാസമായി എക്സൈസ് നിരീക്ഷണത്തിലായിരുന്ന സംഘം രണ്ട് മാസം മുൻപാണ് കാവുങ്കര റോട്ടറി റോഡിലെ വീട് വാടകയ്ക്കെടുത്ത് ലഹരിവ്യാപാരം തുടങ്ങിയത്. മൂവാറ്റുപുഴ, പേഴയ്ക്കാപ്പിള്ളി, പായിപ്ര, പോയാലിമല കേന്ദ്രീകരിച്ച് വലിയ ലഹരിസംഘം പ്രവർത്തിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. എക്സൈസ് ഉദ്യോഗസ്ഥരായ സന്തോഷ്, ശ്രീകുമാർ, പ്രമേഷ്‌കുമാർ, കൃഷ്ണകുമാർ, സൂരജ്, ബേസിൽ, ഫൗസി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.