ഇനി ഇക്കാര്യത്തിന് ആരും ജുവലറികളില്‍ പോകേണ്ടിവരില്ല, സാധാരണക്കാരന്റെ ആ വഴിയും അടയുന്നു?

Wednesday 04 February 2026 9:52 PM IST

തിരുവനന്തപുരം: സ്വര്‍ണവില എന്ന് കേള്‍ക്കുമ്പോള്‍ തന്നെ സാധാരണക്കാരന്റെ നെഞ്ചില്‍ തീയാണ്. ഗ്രാമിന് 14,715 രൂപയും പവന് 1,17,120 രൂപയുമാണ് ഇന്ന് കേരളത്തില്‍ വില്‍പ്പന നടക്കുന്ന വില. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വില സര്‍വകാല റെക്കോഡായി 1.30 ലക്ഷം പിന്നിട്ടിരുന്നു. വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നുവെങ്കിലും ഈ വര്‍ഷം വില വര്‍ദ്ധനവിന്റേതാകുമെന്നാണ് പ്രവചനം. അതിനാല്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് തുടരുകയാണ്.

അതിനിടെ കേരളത്തില്‍ സ്വര്‍ണം വാങ്ങുകയെന്ന സാധാരണക്കാരന്റെ ആഗ്രഹത്തിന് കനത്ത പ്രഹരമാണ് നിരവധി ജുവലറികളുടെ പുതിയ തീരുമാനം. മുന്‍കൂട്ടി ബുക്ക് ചെയ്ത ശേഷം വാങ്ങാവുന്ന സ്‌കീമുകള്‍ പല ജുവലറികളും താത്കാലികമായി നിര്‍ത്തിവയ്ക്കുകയാണ്. മുന്‍കൂട്ടി പണം നല്‍കി ആവശ്യമുള്ള സമയത്ത് പണിക്കൂലിയില്ലാതെ സ്വര്‍ണം വാങ്ങാവുന്ന സ്‌കീമുകള്‍ പല ജുവലറികളും നടത്തിയിരുന്നു. സാധാരണക്കാര്‍ക്കിടയില്‍ ജനപ്രിയമായിരുന്ന പദ്ധതി സ്വര്‍ണ വില കുതിച്ചുയര്‍ന്നതോടെ ചിലര്‍ നിര്‍ത്തി. നേരത്തെ തുടങ്ങിയ പദ്ധതി തുടരുന്നത് ചുരുക്കം ചില ജുവലറികള്‍ മാത്രമാണ്.

കല്യാണത്തിനും മറ്റ് പ്രധാനപ്പെട്ട ആവശ്യങ്ങള്‍ക്കും എടുക്കുന്ന സ്വര്‍ണത്തിന്റെ അളവിലും വലിയ മാറ്റമാണ് സംഭവിക്കുന്നതെന്ന് ജുവലറി ജീവനക്കാര്‍ പറയുന്നു. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ പണയം വച്ചതിന് ശേഷം ലേലത്തില്‍ പോകുന്ന യൂസ്ഡ് ഗോള്‍ഡ് വാങ്ങാന്‍ ഇപ്പോള്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അതുപോലെ തന്നെ പഴയ സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്.

എന്നാല്‍ വില ക്രമാതീതമായി വര്‍ദ്ധിച്ചതോടെ പഴയ സ്വര്‍ണം വില്‍ക്കുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. ഒരു പവന്‍ പണയം വച്ചാല്‍ 90,000 രൂപ വരെ കിട്ടുന്ന സാഹചര്യമുള്ളതിനാല്‍ പലരും വില്‍ക്കുന്നതിന് പകരം പണയം വയ്ക്കാനാണ് താത്പര്യം പ്രകടിപ്പിക്കുന്നത്.