ശബരിമലയിൽ ആടിയശിഷ്‌ടം നെയ്യ് വിൽപനയിൽ ക്രമക്കേട്: കീഴ്‌ശാന്തി സുനിൽകുമാർ പോറ്റിയെ വിജിലൻസ് അറസ്റ്റ് ചെയ്‌‌തു

Wednesday 04 February 2026 9:52 PM IST

പത്തനംതിട്ട: ശബരിമലയിൽ ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയിൽ നടന്ന ക്രമക്കേടിൽ കീഴ്‌ശാന്തി സുനിൽ കുമാർ പോറ്റിയെ വിജിലൻസ് അറസ്റ്റുചെയ്തു. സുനിൽ കുമാർ പോറ്റിയെ നേരത്തെ ദേവസ്വം ബോർഡ് സസ്‌പെൻഡ് ചെയ്തിരുന്നു. ക്രമക്കേടിൽ ദേവസ്വം ജീവനക്കാരും ശാന്തിമാരും ഉൾപ്പടെ 33പേർക്കെതിരെ അന്വേഷണം നടന്നുവരികയാണ്. സുനിൽ കുമാർ പോറ്റിയെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി. ദേവസ്വം ബോർഡിന്റെ പുനലൂർ ഗ്രൂപ്പിലെ ചാലിയേക്കര ദേവസത്തിലെ ജീവനക്കാരനാണ്.

ഇക്കഴിഞ്ഞ തീർത്ഥാടന കാലത്ത് സന്നിധാനത്തെ ആടിയശിഷ്ടം നെയ്യ് വിൽപ്പന കൗണ്ടറുകളിൽ ദേവസ്വം വിജിലൻസ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ആദ്യ പരിശോധനയിൽ 16,628 പായ്ക്കറ്റ് നെയ്യ് വിറ്റ പണം ദേവസ്വത്തിന്റെ അക്കൗണ്ടിൽ അടച്ചിട്ടില്ലെന്ന് കണ്ടെത്തി. 100 മില്ലി നെയ്യ് പായ്ക്കറ്റിന് 100 രൂപയാണ് വില.

3,52,002 പാക്കറ്റ് നെയ്യാണ് വിൽപനയ്ക്കായി നൽകിയത്. പിന്നീട് നടന്ന പരിശോധനയിൽ 13,679 പായ്ക്കറ്റ് വിറ്റതിന്റെ രേഖകളില്ലെന്നും കണ്ടെത്തി. ഇതിന്റെ വിലയായി ലഭിക്കേണ്ട 13,67,900 രൂപ ദേവസ്വം അക്കൗണ്ടിൽ എത്തിയില്ല. വിശദമായ അന്വേഷണത്തിൽ 36,24,000 രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. തുടർന്ന് ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണൻ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. എസ്.പി മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന വിജിലൻസിന്റെ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.