പൊന്നാനിയിൽ നായ് ശല്യം മൂലം പുറത്തിറങ്ങാൻ കഴിയാതെ ജനം

Thursday 05 February 2026 12:37 AM IST

പൊന്നാനി: താലൂക്കിൽ തെരുവുനായ ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം കുണ്ടുകടവ് ജംഗ്ഷനിൽ ആറോളം പേർക്ക് തെരുവ് നായ ആക്രമണം നേരിട്ടു. പൊന്നാനി കുണ്ടുകടവ് ജംഗ്ഷനിലാണ് തെരുവുനായയുടെ അക്രമണം ഉണ്ടായത്. പരിക്കേറ്റ റിസ്വാന(22), സാജിത(34), റീന(47), അൽക(23), നിമ(47), ജുബൈരിയ(44) എന്നിവരെ പൊന്നാനി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട് തെരുവുനായ്ക്കൾ പെരുകുമ്പോഴും പൊന്നാനി നഗരസഭ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. പൊന്നാനിയിൽ എല്ലായിടത്തും ഇപ്പോൾ തെരുവുനായ ശല്യം രൂക്ഷമാണ്. സ്‌കൂൾ, മദ്രസ വിദ്യാർത്ഥികളും തെരുവുനായകളുടെ ആക്രമണം നേരിടുന്നുണ്ട് . കർമ്മ റോഡ്, തെയ്യങ്ങാട്, ചന്തപ്പടി, ചമ്രവട്ടം ജംഗ്ഷൻ, ബിയ്യം, കുണ്ടുകടവ് ജംഗ്ഷൻ തുടങ്ങി നഗരത്തിന്റെ പ്രധാന ഇടങ്ങളെല്ലാം തെരുവ് നായ്ക്കൾ കൈയടക്കിയ അവസ്ഥയാണ്. യാത്രക്കാർക്കും ഇരുചക്ര വാഹനങ്ങളിൽ പോകുന്നവർക്കും നേരെ ഇവ പാഞ്ഞടുക്കുന്നുണ്ട്.

പദ്ധതി പാളി

തെരുവ് നായ നിയന്ത്രണത്തിനായി ആവിഷ്കരിക്കപ്പെട്ട എ.ബി.സി പദ്ധതി മുന്നോട്ടുപോകാത്തതാണ് തെരുവുനായ ശല്യം രൂക്ഷമാക്കിയത്. ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് അലഞ്ഞുതിരിയുന്ന നായ്‌ക്കളെ പിടികൂടാനും വന്ധ്യംകരിക്കാനും തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പ്രത്യേക സംഘം പൊന്നാനിയിലെത്തി നായ്ക്കളെ പിടികൂടിയിരുന്നു. എന്നാൽ പിന്നീട് പദ്ധതി ഇഴഞ്ഞതോടെ എല്ലാം പഴയ പടിയായി. ഈ പ്രവർത്തനങ്ങൾക്കായി പൊന്നാനി ഈശ്വരമംഗലം മൃഗാശുപത്രിക്ക് സമീപം സൗകര്യമൊരുക്കുകയും ഈയിനത്തിൽ വലിയൊരു തുക നഗരസഭക്ക് ചെലവാകുകയും ചെയ്തു. നായ്ക്കളെ പിടികൂടി താമസിപ്പിക്കാനും വന്ധ്യംകരിക്കാനുമായി ഷെൽട്ടറിനുള്ള സ്ഥലം കണ്ടെത്താനാവാത്തതാണ് എ.ബി.സി പദ്ധതി

യ്ക്ക് വിനയായത്. പല സ്ഥലങ്ങളും കണ്ടെത്തിയെങ്കിലും പ്രാദേശിക എതിർപ്പ് മൂലം മുന്നോട്ടുപോകാനായില്ല.

കൃത്യമായി ഷെൽട്ടർ സ്ഥാപിച്ച് തെരുവുനായ്ക്കളെ വന്ധ്യംകരിക്കുകയും ഒപ്പം പെറ്റുപെരുകുന്ന സ്ഥിതി ഒഴിവാക്കുകയും ചെയ്തില്ലെങ്കിൽ പൊതുജനങ്ങൾക്ക് പുറത്തിറങ്ങാനാവാത്ത സ്ഥിതി വരും

ജയപ്രകാശ്, പ്രതിപക്ഷ കൗൺസിലർ

ഡോഗ് ഷെൽട്ടറുമായി ബന്ധപ്പെട്ട് സ്ഥലം കണ്ടെത്തുന്നതിനുള്ള കാര്യം കൗൺസിൽ നടപടികൾക്കായി സമർപ്പിക്കും. നിലവിൽ തെരുനായ അക്രമം നടന്ന സ്ഥലത്തെ തെരുവ് നായ്ക്കളെ പിടികൂടിയിട്ടുണ്ട്. അവയുടെ പരിശോധന വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ നടന്നു വരുന്നുണ്ട്

നഗരസഭ സെക്രട്ടറി