ജലസംഭരണത്തിന് നടപടിയില്ല: 3.90 കോടിയുടെ വി.സി.ബി നോക്കുകുത്തിയായി
കാളികാവ്: കോടികൾ മുടക്കിയ വി.സി.ബിയിൽ ജലസംഭരണത്തിന് നടപടിയില്ല. പൂർത്തിയായി ആറുമാസം കഴിഞ്ഞിട്ടും വെന്തോടംപടി മുത്തംതണ്ട് വി.സി.ബി നോക്കുകുത്തിയായി നിൽക്കുകയാണ്. വെള്ളം തടഞ്ഞു നിറുത്തുന്നതിനുള്ള ചീർപ്പ് സ്ഥാപിക്കാത്തതാണ് വെള്ളം സംഭരിക്കാൻ കഴിയാത്തത്. പാലം നിർമ്മാണം അശാസ്ത്രീയമാണെന്നത് സംബന്ധിച്ച് ചിലർ നൽകിയ പരാതിയെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് ഇതിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പ്രദേശത്തെ വരൾച്ച തടയാനും ചോക്കാട് പഞ്ചായത്തുമായി ബന്ധിപ്പിച്ച് ഗതാഗതം നടത്തുന്നതിനുമാണ് മുത്തംതണ്ടിൽ പരിയങ്ങാട് പുഴയ്ക്ക് കുറുകെ വി.സി.ബി കം ബ്രിഡ്ജ് നിർമ്മിച്ചത്.
ജില്ലാ പഞ്ചായത്ത് രണ്ട് ഘട്ടങ്ങളായി 3.90 കോടി മുടക്കിയാണ് പദ്ധതി പൂർത്തിയാക്കിയത്.
പുഴയിലെ നീരൊഴുക്ക് നീർച്ചാലായി മാറിയിട്ടുണ്ട്. രണ്ടാഴ്ച കൂടി കഴിഞ്ഞാൽ നീർച്ചാലും ഇല്ലാതാകും. പിന്നീട് ജലം സംഭരിക്കാൻ കഴിയില്ല.
അതേ സമയം ഗതാഗതത്തിന്റെ ഭാഗമായുള്ള ബാക്കി പ്രവൃത്തികളും പൂർത്തിയാക്കിയിട്ടില്ല.
പാലത്തിന്റെ അപ്രോച്ച് നിർമ്മാണത്തിന്റെ ഭാഗമായി തൊട്ടടുത്ത പള്ളിയിലേക്കും പഞ്ചായത്ത് മൈതാനത്തിലേക്കും വഴി തടസ്സപ്പെട്ടെന്ന പരാതിയും നാട്ടുകാർക്കുണ്ട്.
വി.സി.ബി യുടെ നിർമ്മാണത്തിൽ നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന് ഒരു സാമൂഹ്യ പ്രവർത്തകൻ പരാതി നൽകിയിട്ടുണ്ട്.