സമസ്ത നൂറാം വാർഷിക സമ്മേളനത്തിന് തുടക്കം

Thursday 05 February 2026 12:51 AM IST

കുണിയ (കാസർകോട്): ആന്തരിക മൂല്യങ്ങളിലൂടെയാണ് വിശ്വാസത്തെ ശക്തിപ്പെടുത്തേണ്ടതെന്ന് കെയ്റോയിലെ ഇസ്ലാമിക് റിസർച്ച് അസംബ്ലി സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അബ്ദു ദാഇം അൽ ജുൻദി പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനം ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതചിന്തയും പ്രവാചക സ്‌നേഹവും മികച്ച വ്യക്തിത്വങ്ങളെ ലോകത്തിന് സംഭാവന ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അദ്ധ്യക്ഷതയിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്തയുടെ നിലനിൽപ്പ് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വരുന്ന തലമുറക്ക് ഈ പ്രസ്ഥാനത്തെ കാത്തുവെക്കണമെന്നും സ്വാദിഖലി തങ്ങൾ പറഞ്ഞു.

ട്രഷറർ കൊയ്യോട് ഉമർ മുസ്ലിയാർ ആമുഖ പ്രഭാഷണം നടത്തി. ശതാബ്ദി സ്മാരക ഗ്രന്ഥത്തിന്റെ പ്രകാശനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഇബ്റാഹീം അഹ്മദ് അലി ഹാജി കുണിയക്ക് നൽകി നിർവഹിച്ചു. നൂറാം വാർഷികോപഹാരമായി സമർപ്പിക്കുന്ന നൂറു പുസ്തകങ്ങളുടെ സമർപ്പണം സി.എച്ച് കുഞ്ഞമ്പു എം.എൽ.എ നിർവഹിച്ചു.