കേരളകൗമുദിയുടേത് നിക്ഷേപ സൗഹൃദ നിലപാട് : മന്ത്രി പി.രാജീവ്
തിരുവനന്തപുരം : കേരള കൗമുദിയുടെ നിക്ഷേപ സൗഹൃദ നിലപാട് വ്യക്തമാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.മാസ്കോട്ട് ഹോട്ടലിൽ സംഘടിപ്പിച്ച കേരളകൗമുദി 114 -ാം വാർഷികാഘോഷങ്ങളുടെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
വ്യവസായ മന്ത്രിയെന്ന നിലയിൽ കേരളകൗമുദിയുടെ പ്രവർത്തനങ്ങളോട് ഏറെ മതിപ്പുണ്ട്. നിക്ഷേപ സൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിൽ മാദ്ധ്യമങ്ങളുടെ പങ്കിനെ കുറിച്ച് കേരളകൗമുദിക്ക് വ്യക്തമായ ധാരണയുണ്ട്. അത് തുടരാൻ കഴിയണം. ബിസിനസ് സൗഹൃദ അന്തരീക്ഷത്തിൽ ദേശീയ റാങ്കിംഗ് ലഭിച്ചപ്പോഴും ആഗോള കേരള നിക്ഷേപ സംഗമത്തിന്റെ വിജയകരമായ നടത്തിന് ശേഷവും വാർത്തകൾക്കപ്പുറത്ത് അത് പ്രകടമായിരുന്നു. കേരളകൗമുദി തിരുവനന്തപുരത്തിന്റെ സ്വന്തം പത്രമാണ്. എല്ലാ ജില്ലകളിലും ബിസിനസ് മീറ്റ് നടത്തുന്ന കൗമുദിയുടെ പ്രവർത്തനം ശ്രദ്ധേയമാണ്. ഇന്നത്തെ കാലത്തെ ദൗത്യങ്ങൾ ശ്രദ്ധാപൂർവം തിരിച്ചറിഞ്ഞ് മുന്നോട്ട് പോകാനും കേരളകൗമുദിക്ക് കഴിയണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.