കേരളകൗമുദി മലയാളികളെ സ്വാധീനിച്ച പത്രം : മന്ത്രി വി.ശിവൻകുട്ടി

Thursday 05 February 2026 12:01 AM IST

തിരുവനന്തപുരം : ഒരുനൂറ്റാണ്ടിലധികമായി മലയാളിയുടെ ചിന്തയെയും വായനയെയും സ്വാധീനിച്ച വലിയൊരു പാരമ്പര്യമാണ് കേരളകൗമുദി പത്രത്തിനെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. മാസ്‌കോട്ട് ഹോട്ടലിൽ സംഘടിപ്പിച്ച കേരളകൗമുദിയുടെ 114-ാം വാർഷികാഘോഷങ്ങളുടെ സമാപനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ ഉയർത്തിപിടിച്ച് അടിച്ചമർത്തപ്പെട്ടവന്റെ ശബ്ദമായാണ് കേരളകൗമുദിയുടെ തുടക്കം. ആ നവോത്ഥാന മൂല്യങ്ങൾ മുറുകെ പിടിച്ച് കേരളകൗമുദി ഇന്നും മുന്നോട്ടുപോകുന്നത് അഭിനന്ദനാർഹമാണ്. സത്യസന്ധമായ വാർത്തകൾ നൽകുകയെന്നത് ജനാധിപത്യത്തിൽ വലിയൊരു ദൗത്യമാണ്. അത് നിർവഹിക്കുന്നതിൽ കേരളകൗമുദി എന്നും കാട്ടിയിട്ടുള്ള ജാഗ്രത തുടരണം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനം ജനങ്ങളിലെത്തിക്കുന്നതിലും പുതിയ തലമുറയിൽ വായനാശീലം വളർത്തുന്നതിലും കേരളകൗമുദി വലിയ പങ്കുവഹിക്കുന്നു. പ്രതിബദ്ധതയോടെ മുന്നോട്ട് എന്ന വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനത്തിലെ പ്രമേയം സൂചിപ്പിക്കുന്നത് പോലെ ഇനിയും കേരളകൗമുദിയ്ക്ക് ജനപക്ഷത്ത് നിന്ന് ഏറെ ദൂരം സഞ്ചരിക്കാനാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.