അഞ്ച് വർഷം കഴിഞ്ഞിട്ടും തുടങ്ങിയില്ല: അച്ചൻകോവിൽ സർവീസിനെ കെ.എസ്.ആർ.ടി.സി മറന്നോ ?

Thursday 05 February 2026 2:18 AM IST

കോന്നി: പത്തനംതിട്ട - അച്ചൻകോവിൽ കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസ് നിലച്ചിട്ട് 5 വർഷം കഴിഞ്ഞു. കോന്നിയിൽ കെ.എസ്.ആർ.ടി.സിയുടെ ഓപ്പറേറ്റിംഗ് സ്റ്റേഷൻ ആരംഭിച്ചപ്പോൾ തുടങ്ങിയ ആദ്യ സർവീസുകളിൽ ഒന്നാണിത്. പത്തനംതിട്ടയിൽ നിന്ന് രാവിലെ 7 ന് പുറപ്പെട്ട് കോന്നി- പുനലൂർ വഴി അച്ചൻ കോവിലിൽ എത്തി വൈകിട്ട് പുനലൂർ വഴി കോന്നിയിൽ തിരിച്ചെത്തുന്നതായിരുന്നു സർവീസ്.

കോന്നി- കല്ലേലി -അച്ചൻകോവിൽ വനപാത സഞ്ചാരയോഗ്യമല്ലാതായതോടെ പത്തനാപുരം അലിമുക്ക് വഴിയാണ് അച്ചൻകോവിൽ ക്ഷേത്രത്തിലേക്ക് എത്തുന്നത്. ശബരിമല തീർത്ഥാടകർക്ക് ഈ സർവീസ് പ്രയോജനമായിരുന്നു. കോന്നി അരുവാപ്പുലം, ഐരവൺ, കല്ലേലി, മലയാലപ്പുഴ, കലഞ്ഞൂർ പ്രദേശങ്ങളിൽ ഉള്ളവർ പതിവായി അച്ചൻകോവിൽ ക്ഷേത്രദർശനത്തിന് പോകുന്നവരാണ്. അച്ചൻകോവിൽ ക്ഷേത്രത്തിലെ ഏഴാം ഉത്സവം കോന്നി കരയുടേതാണ്. ഉത്സവത്തിന് കോന്നി കരയിൽ അന്നക്കൊടി എഴുന്നെള്ളത്തുണ്ട്. ഐരവൺ പുതിയകാവ് ദേവീക്ഷേത്രത്തിലാണ് അന്നക്കൊടി സൂക്ഷിക്കുന്നത്. ഉത്സവദിവസം കോന്നിയിൽ നിന്ന് നിരവധി ഭക്തർ അച്ചൻകോവിൽ ക്ഷേത്രത്തിലെത്തും

നിലച്ചത് കൊവിഡ് കാലത്ത്

കൊവിഡ് കാലത്ത് കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി സർവീസുകൾ നിറുത്തലാക്കിയിരുന്നു. കൊവിഡിന് ശേഷം പത്തനംതിട്ട - അച്ചൻകോവിൽ സർവീസ് വീണ്ടും തുടങ്ങിയില്ല. പന്തളത്തു നിന്ന് അടൂർ വഴി അച്ചൻകോവിലിലേക്ക് ഉണ്ടായിരുന്ന സർവീസും അന്ന് നിറുത്തിയിരുന്നു . അച്ചൻകോവിൽ ക്ഷേത്രത്തിലെ ഉത്സവ സമയത്ത് മാത്രമാണ് ഇപ്പോൾ കോന്നിയിൽ നിന്ന് കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നത്. ഇത്തവണ മൂന്ന് ദിവസം മാത്രമാണ് സർവീസ് നടത്തിയത്.

ബസ് സർവീസ് പുനരാരംഭിക്കാൻ അധികൃതർ നടപടി സ്വീകരിക്കണം

പ്രവീൺ പ്ലാവിളയിൽ ( കോന്നി ഗ്രാമപഞ്ചായത്ത് അംഗം )