ക്യാൻസർ മുൻകൂട്ടി കണ്ടെത്തി ചികിത്സിക്കേണ്ട കാലം അതിക്രമിച്ചു : മന്ത്രി വീണാ ജോർജ്
തിരുവല്ല : രോഗത്തിന്റെ ആരംഭത്തിൽത്തന്നെ ക്യാൻസർ കണ്ടെത്തി ചികിത്സ തുടങ്ങേണ്ട കാലം കേരളത്തിൽ അതിക്രമിച്ചിരിക്കുകയാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ലോക ക്യാൻസർ ദിനത്തിന് മുന്നോടിയായി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ക്യാൻസർ വിഭാഗം നടത്തിയ ഏകദിന കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിൽ ക്യാൻസർ രോഗികളുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്. വിദ്യാഭ്യാസപരമായി മുൻപന്തിയിൽ നിൽക്കുമ്പോഴും ക്യാൻസർ പോലെയുള്ള രോഗങ്ങൾ ആരംഭത്തിൽ തിരിച്ചറിയാനുള്ള പരിശോധന നടത്തുന്നതിൽ കേരളത്തിലെ ജനങ്ങൾ ഇപ്പോഴും വിമുഖത കാണിക്കുന്നു. ഇതിനുവേണ്ട അവബോധം സൃഷ്ടിക്കാനും നേരത്തെ രോഗനിർണയം നടത്താനുമുള്ള പരിശോധനകൾ വ്യാപകമാക്കാനും സർക്കാർ പലതരം പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. ക്യാൻസർ നിർണയ ചികിത്സകളിൽ സർക്കാർ, സ്വകാര്യ മേഖലകളിലെ ഡോക്ടർമാർ നിർവഹിക്കുന്ന സേവനങ്ങൾ അഭിനന്ദനാർഹമാണെന്നും അവർ പറഞ്ഞു. കേരളാ ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ആശുപത്രി മാനേജറുമായ ഫാ.സിജോ പന്തപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് എം.വി.ആർ ക്യാൻസർ കെയർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ ഡയറക്ടർ ഡോ.നാരായണൻകുട്ടി വാര്യർ, റേഡിയേഷൻ ഓങ്കോളജി അസോസിയേഷൻ ദേശീയ അദ്ധ്യക്ഷൻ ഡോ.സി.എസ്.മധു, ബിലീവേഴ്സ് ആശുപത്രി മെഡിക്കൽ സൂപ്രണ്ടും ക്യാൻസർ വിഭാഗം സീനിയർ കൺസൾന്റുമായ ഡോ.ജോംസി ജോർജ്, ക്യാൻസർ വിഭാഗം മേധാവി ഡോ.ഏബ്രഹാം സാമുവൽ, സീനിയർ കൺസൾട്ടന്റ് അബു ഏബ്രഹാം കോശി എന്നിവർ സംസാരിച്ചു.