ആശുപത്രി തുടങ്ങാൻ കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തിൽ ആശുപത്രി തുടങ്ങുന്നു. തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ കെ.എസ്.ആർ.ടി.സി ചീഫ് ഓഫീസിന് സമീപത്താണിത്. ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും മാത്രമല്ല പൊതുജനങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രി കെ.ബി. ഗണേശ് കുമാർ നിയമസഭയിൽ പറഞ്ഞു.
ഡയാലിസിസിന് പ്രാധാന്യം നൽകുന്ന ആശുപത്രിയാണ് വിഭാവനം ചെയ്യുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡയാലിസിസ് മെഷീൻ നൽകിയിട്ടുണ്ട്. നിംസ് ആശുപത്രിയിൽ നിന്ന് നെഫ്രോളജിസ്റ്റിന്റെ സേവനം സൗജന്യമായി ലഭ്യമാക്കും. ഇതുവഴി പാവപ്പെട്ട രോഗികൾക്ക് വളരെ കുറഞ്ഞ ചെലവിൽ ഡയാലിസിസ് ചെയ്യാനാകും. ഇതിനായി 10 കിടക്കകൾ ആദ്യഘട്ടത്തിൽ ഒരുക്കും.
10 കിടക്കകളും 10 ഡയാലിസിസ് മെഷീനുകളും സ്‌പോൺസർഷിപ്പിലൂടെ ലഭ്യമാക്കും. 10 പേർക്ക് ഒരേസമയം ഡയാലിസിസ് ചെയ്യാനാകും. എല്ലാ മരുന്നുകളും ന്യായവിലയ്ക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്ന് ലഭ്യമാക്കും. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയുമായി ചേർന്ന് രക്തപരിശോധന ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഏർപ്പെടുത്തും. സ്‌കാനിംഗ് സെന്ററും ആശുപത്രിയിലുണ്ടാകും.