കെട്ടിടവും വാഹനങ്ങളുമില്ലാതെ ബീച്ച് അഗ്നിരക്ഷാ സേന എങ്ങനെ തീരും പ്രതിസന്ധി
കോഴിക്കോട്: വീണ്ടുമൊരു ചൂടു കാലമെത്തുമ്പോൾ നഗരത്തിലെ അഗ്നിരക്ഷാ സേനയുടെ നെഞ്ചിൽ തീയാളുകയാണ്. ചെറുതും വലുതുമായ തീപിടിത്തങ്ങളുണ്ടായാൽ ആദ്യം ഓടിയെത്തുന്ന ഇവർ കഴിഞ്ഞ രണ്ട് വർഷമായി കെട്ടിടമില്ലാതെ പെരുവഴിയിലാണ്. മതിയായ സൗകര്യങ്ങളും ആൾബലവുമില്ലാതെ ആ ചൂടുകാലത്തെ എങ്ങനെ നേരിടുമെന്നാണ് ഇവർ ചോദിക്കുന്നത്. ജീവനക്കാരുടെ ക്വാർട്ടേഴ്സ് ഉണ്ടായിരുന്ന ഭാഗത്ത് ടാർപോളിൻ ഷീറ്റിനടിയിലാണ് ഫയർസ്റ്റേഷനിലെ വാഹനങ്ങൾ നിർത്തിയിട്ടത്. ഏത് നിമിഷവും ഇടിഞ്ഞ് വീഴാറായ ചോർന്നൊലിക്കുന്ന ക്വാർട്ടേഴ്സ് കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തനം. ആകെയുള്ള 40 ജീവനക്കാരിൽ 26 പേരാണ് ഇവിടെയുള്ളത്. മറ്റുള്ളവർ മീഞ്ചന്ത, വെള്ളിമാട്കുന്ന്, മുക്കം, നരിക്കുനി എന്നിവിടങ്ങളിലാണ്. എട്ട് വാഹനങ്ങളിൽ പലതും മീഞ്ചന്തയിലും വെള്ളിമാട്കുന്നുമാണ്. അതിനാൽ വലിയ അപകടമുണ്ടായാൽ നിലവിലെ യൂണിറ്റിനെയുംകൊണ്ട് ഓടിയെത്താനാവാത്ത സ്ഥിതിയാണ്. മറ്റു സ്റ്റേഷനുകളിൽനിന്ന് ഏറെ ദൂരം സഞ്ചരിച്ചുവേണം കൂടുതൽ യൂണിറ്റുകൾ സ്ഥലത്തെത്താൻ. അപ്പോഴേക്കും രക്ഷാപ്രവർത്തനം വെെകും. തീപിടിത്തമുണ്ടായാൽ അണയ്ക്കാവുന്ന ചെറിയ രണ്ട് വാഹനങ്ങൾ മാത്രമാണ് ഇപ്പോഴുള്ളത്. ഒന്നിൽ കൂടുതൽ വാഹനങ്ങളുടെ ആവശ്യം വന്നാൽ മറ്റിടങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
ബീച്ചിൽ നേരത്തേയുണ്ടായിരുന്ന കെട്ടിടം ജീവന് ഭീഷണിയായതോടെയാണ് പുതുക്കി നിർമിക്കാൻ തീരുമാനിച്ചത്. പദ്ധതി തയാറാക്കി 12 കോടിയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചെങ്കിലും തുക അനുവദിക്കാത്തതിനാൽ നിർമാണം ഇഴയുകയാണ്.
17 കോടിയുടെ പദ്ധതി
വയനാട് കോഴിക്കോട് ജില്ലകളുടെ റീജിയണൽ ഓഫീസ്, ജില്ലയിലെ ഒമ്പത് ഫയർ സ്റ്റേഷനുകൾ നിയന്ത്രിക്കുന്ന ജില്ലാ ഫയർ ഓഫീസ് കാര്യാലയം, ഫയർ സ്റ്റേഷൻ മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവക്ക് 17 കോടിയുടെ പ്രോജക്ടാണ് സമർപ്പിച്ചത്. വിപുലമായ പാർക്കിംഗ് അടക്കം നാലുനില കെട്ടിടമാണ് പദ്ധതിയിലുള്ളത്. അത്യാധുനിക വാഹനങ്ങളും കൂടുതൽ ജീവനക്കാരേയും ആവശ്യപ്പെട്ടിട്ടുണ്ട്.
കേസുകളും കൂടുന്നു
ജില്ലയിൽ ചൂട് കനത്ത് തുടങ്ങിയപ്പോൾതന്നെ തീപിടിത്തങ്ങളും പതിവാകുകയാണ്. ഈ വർഷം ഇതുവരെ
21 ഫയർ കോളുകളാണ് ബീച്ച് സ്റ്റേഷനിൽ മാത്രമെത്തിയത്. ഇതിനു പുറമേ 18 ആക്സിഡന്റ് കേസുകളും ഒരു ജലാശയ സംബന്ധിയായ പ്രശ്നങ്ങളിലും വിളി വന്നു.