ആ ജീവി കണ്ണിൽ കണ്ടവരെ ആക്രമിക്കുന്നു, പകൽ സമയത്ത് പോലും ശല്യം രൂക്ഷം, ഭയപ്പാടിൽ നാട്ടുകാർ

Wednesday 04 February 2026 11:55 PM IST

വിതുര: തൊളിക്കോട് പഞ്ചായത്തിലെ വിനോബാ നികേതൻ, ചെരുപ്പാണി മലയടി വലിയകളം ജനവാസ മേഖലയിൽ കാട്ടുമൃഗശല്യം വർദ്ധിക്കുന്നു. പകൽസമയത്തുപോലും കാട്ടുപോത്തും കാട്ടുപന്നികളും നാട്ടിലേക്കിറങ്ങുന്നതോടെ പ്രദേശവാസികൾ ഭയത്തിലാണ്. വ്യാപകമായി കൃഷികൾ നശിപ്പിക്കുകയും നിരവധിയാളുകൾക്ക് ഇവയുടെ ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം രാവിലെ ബൈക്കിൽ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ചെരുപ്പാണി മല്ലികാ മന്ദിരത്തിൽ ജിത്തുകൃഷ്ണനെ കാട്ടുപോത്ത് ആക്രമിച്ചു.ഗുരുതരമായി പരിക്കേറ്റ ജിത്തുകൃഷ്ണൻ വിതുര താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. മറ്റൊരു ദിവസം പറണ്ടോട് കീഴ്പാലൂർ തോട്ടരികത്ത് വീട്ടിൽ ഇല്യാസിന്റെ ഭാര്യ സുബൈദാബീവിക്കും പരിക്കേറ്റു. ഇവർ മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വനമേഖലയായതിനാൽ വളരെ പെട്ടെന്നാണ് കാട്ടുമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നത്.എത്രയും പെട്ടെന്ന് വനപാലകർ ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കാട്ടാനയും കാട്ടുപോത്തിന് പുറമെ മേഖലയിൽ രാത്രികാലങ്ങളിൽ കാട്ടാനകളുടെ ശല്യമുണ്ട്. കൃഷിനാശം വ്യാപകമാണ്.ചെരുപ്പാണിക്ക് പുറമെ മീനാങ്കൽ മേഖലയിലും കാട്ടുമൃഗശല്യം രൂക്ഷമാണ്.അടിയന്തരനടപടികൾ സ്വീകരിക്കാമെന്ന് സ്ഥലത്തെത്തിയ വനപാലകസംഘം ഉറപ്പ് നൽകിയിരുന്നു.തൊളിക്കോട് പഞ്ചായത്തിൽ മുമ്പെങ്ങുമില്ലാത്തവിധം കാട്ടുമൃഗശല്യം വർദ്ധിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.

തൊളിക്കോട് പഞ്ചായത്തിൽ വർദ്ധിച്ചുവരുന്ന കാട്ടുമൃഗശല്യത്തിന് അടിയന്തര പരിഹാരം കാണണം. വനപാലകർ മേഖലയിൽ നിരീക്ഷണം നടത്തണം.സോളാർ ഫെൻസിംഗും,ആനക്കിടങ്ങും സ്ഥാപിക്കണം.

അർച്ചന.പി.കൃഷ്ണ, തൊളിക്കോട് പഞ്ചായത്ത്

വിനോബാനികേതൻ വാർഡ് മെമ്പർ