'തെരുവുനായ ശല്യത്തിന് പരിഹാരം വേണം' 135 വർഷം മുമ്പ് ചീഫ് സെക്രട്ടറിക്കയച്ചൊരു കത്ത്
കോഴിക്കോട്:നായപ്പേടിയിൽ കേരളത്തിലെ തെരുവുകൾ വിറക്കുമ്പോൾ തെരുവുനായ്ക്കളെ ഓടിക്കാൻനടത്തിയ ഒരുനൂറ്റാണ്ടിനുമുമ്പ് നടത്തിയ കഥയുണ്ട് കോഴിക്കോട്. കോഴിക്കോട്ട് തെരുവുനായ ശല്യം രൂക്ഷമായപ്പോൾ അന്നത്തെ മുനിസിപ്പൽ കമ്മിഷണർ ഗവർണറുടെ ചീഫ് സെക്രട്ടറിക്കൊരു കത്തയച്ചു. നായശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന്. പരിഹാരം അന്നും ഇന്നും അകലെ. 135 വർഷം മുമ്പ് കേരളത്തിൽ തെരുവുനായ ശല്യമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ആർക്കിയോളജിക്കൽ രേഖ ഇപ്പോൾ കൗതുകമാവുകയാണ്. കോഴിക്കോട്ടെ സിവിൽസ്റ്റേഷനിലെ റീജിയണൽ ആർക്കൈവ്‌സിലെ രേഖകൾ (മലബാർ കളക്ടേഴ്‌സ് കറസ്‌പോണ്ടന്റ് ഫയൽസ് 204, 1892) 19ാം നൂറ്റാണ്ടിന്റെ അവസാനദശകത്തിൽ കോഴിക്കോട്ട് ഈ വിഷയം സജീവമായിരുന്നുവെന്ന് സൂചിപ്പിക്കുന്നു. 1892 മാർച്ച് 16ാം തിയ്യതി കോഴിക്കോട് മുനിസിപ്പൽ കമ്മിഷണറായ ഡി.റൊസാരയോ മദ്രാസിലെ ഫോർട്ട് സെന്റ് ജോർജ്ജിലെ ഗവർണറുടെ ചീഫ് സെക്രട്ടറിക്ക് അയച്ച റിപ്പോർട്ടിലാണ് കോഴിക്കോട് നഗരത്തിലെ തെരുവുനായ ശല്യത്തിന്റെ നേർചിത്രം നമുക്ക് ലഭിക്കുന്നത്. ഈ റിപ്പോർട്ട് പ്രകാരം കോഴിക്കോട് മുനിസിപ്പാലിറ്റിയിൽ നായ്ക്കളെ വളർത്തുന്നവരുടെ മേൽ നികുതി ചുമത്തുന്ന കാര്യം മുനിസിപ്പൽ കൗൺസിലിന്റെ സജീവപരിഗണനയിലുണ്ട്. ചില വാർഡുകളിൽ നായ്ക്കളുടെ ശല്യം അതിരൂക്ഷമാണ്. ഈ പ്രശ്‌നം ഏറ്റവും ഗുരുതരമായിട്ടുള്ളത് ഗുജറാത്തി തെരുവിലും തളിഭാഗത്തുമാണ്. ജാതിവ്യവസ്ഥയുടെ കാർക്കശ്യം നിലനിൽക്കുന്നതിനാൽ ആ ഭാഗത്തേക്ക് പോകാൻ നായ് പിടുത്തക്കാർക്ക് സാധിക്കുന്നുമില്ല. ഇതിന് പുറമേ രാത്രി കാലങ്ങളിൽ നഗരത്തിലെ ഏറ്റവും മാന്യന്മാരായ പൗരന്മാർ താമസിക്കുന്ന പ്രദേശത്ത് തെരുവുനായ്ക്കളുടെ ഓരിയിടലും കുരകളെക്കുറിച്ചും ധാരാളം പരാതികൾ ലഭിക്കുന്നുണ്ട്. നായ്ക്കളെ വളർത്തുന്നവരുടെ മേൽ നികുതി ചുമത്തിയാൽ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ഇപ്പോൾ കാണുന്ന നായ്ക്കൾ അപ്രത്യക്ഷരാകും. കൂടാതെ ഈ നികുതിയിൽ നിന്നു കിട്ടുന്ന പണം വർഷം തോറും നായ്ക്കളെ കൊല്ലാൻ മുനിസിപ്പാലിറ്റിക്ക് നീക്കിവയ്ക്കാനും സാധിക്കുമെന്നും രേഖ പറയുന്നു.
''19ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലും ഇവിടെ നിലനിന്നിരുന്ന തെരുവുനായ്ക്കളുടെ ശല്യം എന്ന പ്രശ്‌നം ഇന്നും ഇവിടെ രൂക്ഷമായി നിലനിൽക്കുകയാണ്. സാങ്കേതികവിദ്യ ഇത്രയും വളർന്നിട്ടും ഈ പ്രശ്‌നത്തിന് ഇപ്പോഴും ശാശ്വതപരിഹാരം കാണാൻ നമുക്ക് സാധിക്കുന്നില്ല''
-എം.സി വസിഷ്ഠ്,
ചരിത്രവിഭാഗം മുൻ മേധാവി
മലബാർ ക്രിസ്ത്യൻ കോളേജ്, കോഴിക്കോട്