സ്കൂൾ കുട്ടികൾക്ക് ഇനി ഹെൽത്ത് കാർഡ്, അക്ഷരം ആരോഗ്യത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം  6ന് 

Thursday 05 February 2026 12:10 AM IST

തിരുവനന്തപുരം: കുട്ടികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാവും കൃത്യമായ വിവരശേഖരണത്തിനുമായി ഹെൽത്ത് കാർഡ് ഏർപ്പെടുത്തുന്നു. സർക്കാർ,എയ്ഡഡ് സ്‌കൂളുകളിൽ ഒന്നു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണിത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന അക്ഷരം ആരോഗ്യം സമഗ്ര സ്‌കൂൾ ആരോഗ്യ പരിപാടിയുടെ ഭാഗമായി കാർഡ് നൽകും.

അക്ഷരം ആരോഗ്യം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 6ന് രാവിലെ 11ന് കോട്ടൺഹിൽ ഗവ. സ്‌കൂളിൽ മന്ത്രി വീണാ ജോർജ് നിർവഹിക്കും. വിശദമായ പരിശോധന നടത്തിയാണ് ഹെൽത്ത് കാർഡ് നൽകുക. ഹെൽത്ത് കാർഡിൽ കുട്ടിയുടെ ആരോഗ്യ വിവരങ്ങൾ രേഖപ്പെടുത്തും. തുടർന്ന് ഇത് ഇലക്ട്രോണിക്ക് ഹെൽത്ത് കാർഡാക്കും. സ്വകാര്യതയോടെയും സുരക്ഷിതത്തോടെയും കൂടി സ്റ്റേറ്റ് ഡാറ്റാ സെന്ററിലാണിത് സൂക്ഷിക്കുക. അടിയന്തരഘട്ടത്തിൽ ആശുപത്രികളിലെത്തുന്ന കുട്ടികളുടെ വിവരങ്ങൾ ഹെൽത്ത് കാർഡിന്റെ അടിസ്ഥാനത്തിൽ ആശുപത്രികൾക്ക് ലഭിക്കും. എല്ലാ സ്‌കൂളുകളിലും ഹെൽത്ത് അസംബ്ലി,ഹെൽത്ത് കോർണർ എന്നിവ സജ്ജമാക്കുന്നുണ്ട്. അക്ഷരം ആരോഗ്യത്തിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ എല്ലാ ക്ലാസിൽ നിന്നും രണ്ട് കുട്ടികളെ ഹെൽത്ത് അമ്പാസഡർമാരാക്കും. ഇവരിലൂടെ അദ്ധ്യാപകർ നൽകുന്ന വിവരങ്ങൾ സൗഹാർദ്ദപരമായി വിദ്യാർത്ഥികളുടെ ഇടയിൽ പ്രചരിപ്പിക്കാമാണിത്.

മാനസിക,ശാരീക ആരോഗ്യം

കുട്ടികൾ നേരിടുന്ന മാനസിക,ശാരീരിക ബുദ്ധിമുട്ടുകൾ നേരത്തെ കണ്ടെത്തുകയാണ് ലക്ഷ്യം.

ഓരോ സ്‌കൂളിലും ഹെൽത്ത് മെന്റർമാരായി അദ്ധ്യാപകരെ തിരഞ്ഞെടുത്ത് പരിശീലിപ്പിക്കും

അദ്ധ്യാപകർ കൃത്യമായ ഇടവേളകളിൽ കുട്ടികൾക്ക് ആരോഗ്യ വിദ്യാഭ്യാസ ക്ലാസെടുക്കും.

അയൺ ഫോളിക് ആസിഡ് ഗുളിക,കൗമാരാരോഗ്യ പരിപാടി,പ്രതിരോധ കുത്തിവയ്പുകൾ,ആർത്തവ ശുചിത്വ പരിപാടി എന്നിവ ശക്തീകരിക്കും.

അടിയന്തിരഘട്ടങ്ങളിൽ പ്രഥമ ശുശ്രൂഷയ്ക്ക് വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും പ്രാപ്തരാക്കും.