എയ്ഡഡ് സ്കൂൾ മാനേജരുടെ പിടിവാശി പ്രഥമാദ്ധ്യാപികയ്ക്ക് ചുരിദാർ വിലക്ക്, കവാടത്തി​ൽ കുത്തി​യി​രുന്ന് പ്രതി​ഷേധം

Thursday 05 February 2026 12:16 AM IST

കൊല്ലം: സാരി​ ധരിച്ചു മാത്രമേ സ്കൂളി​ലെത്താവൂ എന്ന മാനേജരുടെ നി​ർദ്ദേശം അവഗണി​ച്ച്, ചുരി​ദാർ ധരി​ച്ചെത്തി​യ പ്രഥമാദ്ധ്യാപി​കയെ ഗേറ്റി​ൽ സെക്യൂരി​റ്റി​ ജീവനക്കാരൻ തടഞ്ഞു. ഗേറ്റി​നു മുന്നി​ൽ കുത്തി​യി​രുന്ന് പ്രതി​ഷേധി​ച്ച അദ്ധ്യാപി​കയെ, പി​.ടി​.എ പ്രസി​ഡന്റും പൊലീസുമെത്തി​ ചർച്ച നടത്തി​ ഓഫീസി​ൽ പ്രവേശി​പ്പി​ച്ചു. നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂൾ മാനേജർ കെ.സുരേഷ് കുമാർ, താത്കാലിക സെക്യൂരിറ്റി ജീവനക്കാരൻ ശശാങ്കൻ എന്നിവർക്കെതിരെ ഹെഡ്മി​സ്ട്രസ് സി​ന്ധു എസ്.നായർ കൊട്ടാരക്കര പൊലീസിൽ പരാതി നൽകി.

ഇന്നലെ രാവിലെ 8.45നാണ് സംഭവങ്ങളുടെ തുടക്കം. എയ്ഡഡ് വി​ദ്യാഭ്യാസ സ്ഥാപനമായ കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്രഥമാദ്ധ്യാപി​ക കൊട്ടാരക്കര അവണൂർ സ്വദേശി സിന്ധു.എസ്.നായർചുരി​ദാർ ധരി​ച്ച് വരുന്നതി​നോട് മാനേജർ അമ്പലക്കര കെ.സുരേഷ് കുമാർ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ചൊവ്വാഴ്ച ഇതേ വിഷയത്തിൽ പ്രഥമാദ്ധ്യാപികയുടെ മുന്നിൽ വച്ചുതന്നെ മാനേജർ കടുത്ത നിലപാടെടുത്തു. ചുരിദാർ ധരിച്ചാണ് വരുന്നതെങ്കിൽ സ്കൂളിൽ പ്രവേശിപ്പിക്കരുതെന്ന് ഗേറ്റ് വാച്ചർക്ക് കർശന നിർദ്ദേശവും നൽകി.

ഇന്നലെ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിലേക്കുള്ള മുട്ടയും മറ്റ് സാധനങ്ങളും വാങ്ങി ഓട്ടോയിലാണ് സിന്ധു എസ്.നായർ സ്കൂളിലെത്തിയത്. സാധനങ്ങൾ ഉണ്ടെന്നും ഓട്ടോ അകത്തേക്ക് കടത്തി​വി​ടണമെന്നും ആവശ്യപ്പെട്ടപ്പോൾ ഗേറ്റ് കീപ്പർ നി​ഷേധി​ക്കുകയും മാനേജരുടെ നി​ർദ്ദേശം അറി​യി​ക്കുകയും ചെയ്തു. ഇതോടെ മുട്ടയും സാധനങ്ങളുമായി പ്രഥമാദ്ധ്യാപിക ഗേറ്റിന് മുന്നിൽ ഇരുന്നു പ്രതി​ഷേധി​ച്ചു. വിദ്യാർത്ഥികളും മറ്റ് അദ്ധ്യാപകരും സ്കൂളിലേക്ക് എത്തുമ്പോഴും പ്രഥമാദ്ധ്യാപിക ഗേറ്റി​നു പുറത്ത് കുത്തിയി​രി​ക്കുകയായി​രുന്നു.

9.30ന് പി.ടി.എ പ്രസിഡന്റ് ടി.അജിത് കുമാറും മറ്റ് അംഗങ്ങളുമെത്തി. പിങ്ക് പൊലീസും കൺട്രോൾ റൂമിലെ പൊലീസും കൂടി എത്തിയതോടെ സിന്ധു.എസ്.നായരുമായി ചർച്ച നടത്തി എഴുന്നേൽപ്പിച്ചു. തുടർന്ന് ഗേറ്റ് തുറപ്പിച്ച് ഓഫീസ് മുറിയിലെത്തിച്ചു. സംഭവങ്ങൾ അദ്ധ്യയനത്തെ ബാധി​ച്ചി​ല്ല. അദ്ധ്യാപികമാർ ചുരിദാർ ധരിച്ച് സ്കൂളിലെത്തുന്നതിന് സർക്കാർ വി​ലക്കി​ല്ലാത്തപ്പോഴാണ് ഈ സംഭവം.

 പൊലീസിൽ പരാതി നൽകി

സ്കൂളിലേക്ക് പ്രവേശിക്കാൻ പറ്റാത്തവിധം തടസമുണ്ടാക്കി, ഡ്യൂട്ടി തടസപ്പെടുത്തി, സ്ത്രീയോടുള്ള അവഹേളനം എന്നിവ അടക്കം ഉന്നയിച്ചാണ് സിന്ധു എസ് നായർ പൊലീസിൽ പരാതി നൽകിയത്. തനിക്ക് മാന്യമായ വേഷം ധരിച്ച് സ്കൂളിൽ ജോലിക്ക് ഹാജരാകാൻ അവസരമൊരുക്കണമെന്നും പരാതിയിൽ പറയുന്നു. വകുപ്പുതല മേധാവികൾക്കും പരാതി നൽകുമെന്ന് പ്രഥമാദ്ധ്യാപിക അറിയിച്ചു.

 കേസൊഴിയാത്ത മാനേജർ!

രണ്ട് മാസം മുൻപ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശീലനത്തിനു പോയി വന്നപ്പോഴും പ്രഥമാദ്ധ്യാപിയെ സെക്യൂരിറ്റി ഗേറ്റിൽ തടഞ്ഞിരുന്നു. മൂവ്മെന്റ് രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടായിരുന്നു അന്ന് പോയത്. എന്നാൽ മാനേജരുടെ അനുവാദമില്ലാതെ പോയെന്നു പറഞ്ഞാണ് ഗേറ്റിൽ തടഞ്ഞത്. പല തവണ അനാവശ്യ കാരണങ്ങളുണ്ടാക്കി പ്രഥമാദ്ധ്യാപികയ്ക്ക് മെമ്മോ നൽകിയിട്ടുണ്ട്. ഡി.ഡിക്ക് അപ്പീൽ നൽകിയാണ് ഇതിലെല്ലാം നടപടി ഒഴിവാക്കിയത്. അദ്ധ്യാപകരായ എസ്.ഹരികുമാർ, രഘുനാഥൻപിള്ള എന്നിവരുടെ സർവീസ് ബുക്ക് കിണറ്റിൽ എറിഞ്ഞതുമായി ബന്ധപ്പെട്ട് നേരത്തെ അമ്പലക്കര കെ. സുരേഷ് കുമാറിനെയിരെ കേസുണ്ടായിരുന്നു. സ്കൂൾ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയതിന് മാനേജരെ കോടതി ശിക്ഷിച്ചിട്ടുമുണ്ട്.