ശബരിമല സ്വർണക്കൊള്ള പ്രതികളുടെ രഹസ്യ ഇടപാടുകൾ തേടി ഇ.ഡി

Thursday 05 February 2026 1:46 AM IST

കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രതികളുടെ അണിയറ ഇടപാടുകളെക്കുറിച്ച് ഇ.ഡി അന്വേഷണം ശക്തമാക്കി. പ്രതികളുടെ രഹസ്യമായ സാമ്പത്തിക ഇടപാടുകൾ, ബന്ധങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് പിന്നാലെ കൂടുതൽ പേരെ ചോദ്യം ചെയ്യാനും നടപടി ആരംഭിച്ചു.

സ്വർണക്കൊള്ളയിലെ കള്ളപ്പണയിടപാട് കേന്ദ്രീകരിച്ചാണ് ഇ.ഡി അന്വേഷണം തുടരുന്നത്. ജനുവരി 20ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനം ഉൾപ്പെടെ 21 കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത രേഖകളും തെളിവുകളും സൂക്ഷ്‌മമായി വിലയിരുത്തുന്ന ദൗത്യം പൂർത്തിയായിട്ടില്ല.

ലഭിച്ച രേഖകളുടെ ആധികാരികത, അനുബന്ധ വിവരങ്ങൾ, ഇവയുമായി ബന്ധമുള്ളവർ തുടങ്ങിയ വിവരങ്ങളാണ് പരിശോധിക്കുന്നത്. പ്രതികളുടെ 2019 മുതൽ 2025 വരെയുള്ള ഇടപാടുകൾ അന്വേഷിക്കുന്നതിനാൽ കൂടുതൽ സമയം വേണ്ടിവരുമെന്നാണ് സൂചന.

സ്വത്തുക്കൾ

കണ്ടുകെട്ടും

പ്രതികളുടെ കൂടുതൽ സ്വത്തുക്കൾ കണ്ടുകെട്ടാനും നടപടി ആരംഭിച്ചിട്ടുണ്ട്. റെയ്ഡിൽ പിടികൂടി മരവിപ്പിച്ച, മുഖ്യപ്രതി ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ 1.3 കോടിയുടെ സ്വത്തുക്കൾ വൈകാതെ കണ്ടുകെട്ടും. പിന്നാലെ മറ്റു പ്രതികളുടേതും. ഇതിനായി പ്രതികളുടെ സ്വത്തുക്കൾ, നിക്ഷേപങ്ങൾ, വാഹനങ്ങൾ ഉൾപ്പെടെയുള്ളവയുടെ വിവരങ്ങളും രേഖകളും ശേഖരിക്കുന്നുണ്ട്.

മുരാരിയെ വീണ്ടും

ചോദ്യം ചെയ്യും

1. ചൊവ്വാഴ്ച ചോദ്യം ചെയ്‌തു വിട്ടയച്ച മുരാരി ബാബുവിനെ വീണ്ടും വിളിപ്പിക്കും. ജാമ്യം ലഭിച്ച മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിനോടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

2. ജാമ്യം ലഭിച്ചവർക്ക് പിന്നാലെ ജുഡിഷ്യൽ കസ്‌റ്റഡിയിൽ കഴിയുന്നവരെയും ചോദ്യം ചെയ്യുമെന്ന് ഇ.ഡി വൃത്തങ്ങൾ