അയ്യാ വൈകുണ്ഠ സ്വാമി സ്മാരകത്തിന് വഞ്ചിയൂരിൽ ഭൂമി

Thursday 05 February 2026 1:50 AM IST

തിരുവനന്തപുരം: അയ്യാ വൈകുണ്ഠ സ്വാമി മെമ്മോറിയൽ ലൈബ്രറി ആൻഡ് കൾച്ചറൽ സെന്റർ സ്ഥാപിക്കുന്നതിന് ഭൂമി അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി തിരുവനന്തപുരം വഞ്ചിയൂർ വില്ലേജിലെ 8 സെന്റ് ഭൂമി സാംസ്‌കാരിക വകുപ്പിന് കൈമാറും. നിർമ്മാണം കിഫ്ബി പ്രവൃത്തിയായി നടപ്പാക്കും. എസ്.പി.വിയായി (സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ) ഹാന്റിക്രാഫ്റ്റ്സ് ഡെവലപ്പ്മെന്റ് കോർപ്പറേഷനെയും കൺസൾട്ടൻസിയായി കിഫ്കോണിനെയും നിയോഗിക്കും.

കെ-സ്പെയ്‌സിന്റെ നിർദ്ദിഷ്ട സംരംഭമായ എയ്റോസ്പെയിസ് കൺട്രോൾ സിസ്റ്റം സെന്റർ സ്ഥാപിക്കുന്നതിനായി കിഫ്ബിയുടെ ലാൻഡ് അക്വിസിഷൻ പൂളിൽനിന്നും അനുവദിച്ച 600 കോടി ചെലവഴിച്ച് വേളി/തുമ്പയിൽ വി.എസ്.എസ്.സി ക്യാമ്പസിനോട് ചേർന്നുള്ള 60 ഏക്കർ ഭൂമി ഏറ്റെടുക്കും. കെ-സ്പെയ്‌സിനെ എസ്.പി.വിയായി നിയോഗിച്ചു. കെ-സ്പെയ്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് റിക്വിസിഷനിംഗ് അതോറിറ്റി.

ഇ-ഗവേണൻസ് സംരംഭങ്ങൾ നടപ്പാക്കുന്നതിന് സർക്കാർ വകുപ്പുകൾക്ക് മനുഷ്യ വിഭവശേഷി ലഭ്യമാക്കാൻ ഏജൻസികളെ എംപാനൽ ചെയ്യുന്നതിനായി രൂപീകരിച്ച പദ്ധതിക്ക് അംഗീകാരം നൽകി. എംപാനൽ ചെയ്യുന്നതിനുള്ള ആർ.എഫ്.പി നടപടികളുമായി മുന്നോട്ടുപോകുന്നതിന് ഐ.ടി മിഷനെ ചുമതലപ്പെടുത്തി.

സംസ്ഥാന ഐ.ടി മിഷനിലെ 12 കരാർ തസ്തികകളുടെ ശമ്പള പരിഷ്കരണവും ഒരു തസ്തികയുടെ പുനർനാമകരണവും നടപ്പാക്കും. വാസ്തുവിദ്യാ ഗുരുകുലത്തിലെ സ്ഥിരം ജീവനക്കാർക്ക് പതിനൊന്നാം ശമ്പളപരിഷ്കരണം നടപ്പാക്കും.

തസ്തികകൾ സൃഷ്ടിക്കും

ഇടുക്കി ഉടുമ്പൻചോല സർക്കാർ ആയുർവേദ കോളേജിന്റെ ആദ്യഘട്ട പ്രവർത്തനം ആരംഭിക്കുന്നതിന് 25 തസ്തികകൾ സൃഷ്ടിക്കും. ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ 10 ഡ്രഗ്സ് ഇൻസ്‌പെക്ടർ, 2 റീജിയണൽ/സീനിയർ ഡ്രഗ്സ് ഇൻസ്‌പെക്ടർ തസ്തികകളും സൃഷ്ടിക്കും.

മലപ്പുറത്തെ ഭൂരഹിതരായ പട്ടിക വർഗ്ഗക്കാർക്കുള്ള രണ്ടാംഘട്ട നിക്ഷിപ്ത വനഭൂമി ചാലിയാർ ഗ്രാമപഞ്ചായത്തിലെ കണ്ണൻകണ്ട് ബീറ്റിലും ചുങ്കത്തറ പഞ്ചായത്തിലെ നെല്ലിപ്പൊയിൽ കൊടിരി ബീറ്റിലും വിതരണത്തിനായി തയ്യാറാക്കിയ 50 സെന്റ് വീതമുള്ള പ്ലോട്ടുകൾ വ്യവസ്ഥകൾക്കനുസൃതമായി വിതരണം ചെയ്യും.