പി.എസ്.എൽ.വി. പരാജയങ്ങൾ ദേശീയ സമിതി അന്വേഷിച്ചേക്കും
# നടപടി അജിത് ഡോവലിന്റെ
റിപ്പോർട്ട് പ്രകാരം
തിരുവനന്തപുരം:ഐ.എസ്.ആർ.ഒയുടെ ഏറ്റവും സുരക്ഷിതമായ വിക്ഷേപണ റോക്കറ്റിന്റെ തുടർച്ചയായ പരാജയങ്ങൾക്ക് പിന്നിലെ കാരണങ്ങൾ അന്വേഷിക്കാൻ ദേശീയ സമിതിയെ നിയോഗിച്ചേക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുമ്പയിലെ വി.എസ്.എസ്.സി. സന്ദർശിച്ച് റിപ്പോർട്ട് നൽകിയതിനു പിന്നാലെയാണ് ദേശീയ സമിതിയെ നിയോഗിക്കാൻ ആലോചിക്കുന്നതെന്ന് സൂചന. പി.എസ്.എൽ.വിയുടെ രണ്ടുപരാജയങ്ങളും ഒരേകാരണം കൊണ്ടല്ലെന്നാണ് റിപ്പോർട്ട്. എന്നാൽ,രണ്ടിലും നിർമ്മാണഘട്ടത്തിലാണ് പിഴവ് സംഭവിച്ചത് . നിർമ്മിക്കുന്നത് തുമ്പയിലെ വിക്രം സാരാഭായ് സ്പെയ്സ് സെന്ററിലാണ്.
രൂപ കൽപനയിലോ, നിയന്ത്രണ സംവിധാനങ്ങളിലോ, ഇന്ധനത്തിലോ വീഴ്ചയുണ്ടായിട്ടില്ല.ബാഹ്യഇടപെടലുണ്ടായതായും സൂചനകളില്ല. ഗുണനിലവാരക്കുറവോ, ,നിർമ്മാണത്തിലെ സൂഷ്മതക്കുറവോ ആകാം കാരണമെന്നാണ് വിലയിരുത്തൽ. ഇത് മനഃപൂർവ്വമാണോ എന്നാണ് അന്വേഷിക്കുന്നത്. ഗഗൻയാൻ ബഹിരാകാശ മനുഷ്യദൗത്യത്തിനൊരുങ്ങുന്ന സാഹചര്യത്തിലാണ് ഇത്തരം വീഴ്ചകൾ ഗൗരവത്തോടെ കാണുന്നത്.
നിലവിൽ മുൻ ചെയർമാൻ ഡോ. ശിവന്റെ നേതൃത്വത്തിൽ ആഭ്യന്തര അന്വേഷണമാണ് നടക്കുന്നത്.
കഴിഞ്ഞ ദിവസം വി.എസ്.എസ്.സി.യിൽ എത്തിയ ഡോവൽ അന്വേഷണ സമിതിയുടെ യോഗത്തിൽ പങ്കെടുത്തു. ശ്രീഹരിക്കോട്ടയിലെ പ്രൊപ്പൽഷൻ കേന്ദ്രത്തിലെ വിദഗ്ധരുമായും വീഡിയോ കോൺഫറൻസ് നടത്തി.അദ്ദേഹത്തിനൊപ്പം വിദഗ്ധരുമുണ്ടായിരുന്നുവെന്നാണ് സൂചന. പി.എസ്.എൽ.വി. നിർമ്മാണത്തിലെ രീതികളും കരാറുകളും വിലയിരുത്തി.
2025 മേയ് 18നാണ് പി.എസ്.എൽ.വി.സി.61 പരാജയപ്പെട്ടത്. അതേ കുറിച്ച് അന്വേഷിച്ചത് മഹേന്ദ്രഗിരിയിലെ പ്രൊപ്പൽഷൻ കേന്ദ്രത്തിലെ ഡയറക്ടർ അണ്ണാമലെ ആണ്. അദ്ദേഹം റോക്കറ്റ് സാങ്കേതിക വിദ്യയിൽ അത്ര വിദഗ്ധനായിരുന്നില്ല. സമഗ്രമായ അന്വേഷണവും ശുപാർശകളുമുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. വീണ്ടും പരാജയമുണ്ടായത് ഈ വർഷം ജനുവരി 12നാണ്. അത് അന്വേഷിക്കുന്നത് റോക്കറ്റ് സാങ്കേതികവിദ്യയിൽ ഏറ്റവും വിദഗ്ധനായ ഡോ.ശിവനാണ്. റോക്കറ്റ് നിർമ്മാണത്തിൽ പലവട്ടം പരിശോധനയ്ക്ക് വിധേയമാകാത്തത് നിർമ്മാണത്തിനുപയോഗിക്കുന്ന സാമഗ്രികളുടെ ഗുണനിലവാരമാണ്. അത് ടെസ്റ്റ് ചെയ്യാൻ സാങ്കേതിക പരിമിതികളുണ്ട്.
#വിക്ഷേപണങ്ങൾ തുടരും
പി.എസ്.എൽ.വി.ദൗത്യം പരാജയപ്പെട്ടെങ്കിലും രാജ്യത്തിന് വാണിജ്യ നഷ്ടമില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ഈ വർഷം ആറ് സ്വകാര്യ ഉപഗ്രഹങ്ങളുൾപ്പെടെ 18 വിക്ഷേപണങ്ങളാണ് കരാറായിരിക്കുന്നത്. അടുത്ത വർഷം ജപ്പാൻ, യു.എസ്.,ഫ്രാൻസ് എന്നിവയുടെ വിക്ഷേപണങ്ങളും കരാറൊപ്പിട്ടുണ്ട്. ഇതൊന്നും നഷ്ടമായിട്ടില്ല. ഗഗൻയാൻ വിക്ഷേപണങ്ങളും പുതുക്കിയ തീയതികളിൽ നടത്തുമെന്നാണ് ഐ.എസ്.ആർ.ഒ.വൃത്തങ്ങൾ നൽകുന്ന വിവരം.