മുൻ എംഎൽഎ എം മുരളി അന്തരിച്ചു; വിടവാങ്ങിയത് മാവേലിക്കരയുടെ പ്രിയ നേതാവ്

Thursday 05 February 2026 10:54 AM IST

തിരുവനന്തപുരം: മാവേലിക്കര മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ എം മുരളി (73) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പതിവ് പരിശോധനകൾക്കായി ഇന്നലെ വൈകുന്നേരമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ രാത്രിയോടെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

തുടർച്ചയായി 20 വർഷം മാവേലിക്കര നിയോജക മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ച നേതാവായിരുന്നു എം. മുരളി. 1991 മുതൽ 2011 വരെയായിരുന്നു അദ്ദേഹത്തിന്റെ നിയമസഭാ കാലഘട്ടം. കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന അദ്ദേഹം വിദ്യാർത്ഥി രാഷ്ട്രീയത്തിലും യുവാക്കൾക്കിടയിലും വലിയ സ്വാധീനം ചെലുത്തിയിരുന്നു. കോൺഗ്രസ് പിളർന്ന കാലത്ത് എ.കെ. ആന്റണി പക്ഷത്തിനൊപ്പം നിലയുറപ്പിച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റായും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.

അദ്ദേഹത്തിന്റെ വിയോഗവാർത്തയറിഞ്ഞ് നിരവധി കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ആശുപത്രിയിൽ എത്തിയിരുന്നു. മാവേലിക്കര ചെറുകോൽ വൈപ്പു വിളയിൽ പരേതനായ കെ പി മാധവൻ പിള്ളയുടെയും വി കെ രാജമ്മയുടെയും മകനാണ്. കെഎസ് രാമാദേവിയാണ് ഭാര്യ. മക്കൾ: ഡോക്‌‌ടർ മിഥുൻ, മൃദുൽ,​ മൃണാൽ.