'മരണത്തിന്  തൊട്ടുമുൻപ്  നടത്തിയ  മൂന്ന്  ഇന്റർനെറ്റ്  കോളുകൾ ദുരൂഹം'; സി ജെ റോയിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് നടി

Thursday 05 February 2026 12:29 PM IST

കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെയും പ്രവാസി വ്യവസായി സാജൻ പാറയിലിന്റെയും മരണങ്ങളെ താരതമ്യം ചെയ്യുന്നതിൽ രൂക്ഷവിമർശനവുമായി നടി മായ മേനോൻ. ഇരുവരുടെയും ജീവിതസാഹചര്യങ്ങളും മരണകാരണങ്ങളും വ്യത്യസ്തമാണെന്ന് നടി ചൂണ്ടിക്കാട്ടി.

നടിയുടെ വാക്കുകൾ:

കഠിനാധ്വാനത്തിലൂടെയുണ്ടാക്കിയ സമ്പാദ്യം മുഴുവൻ സർക്കാർ അനാസ്ഥമൂലം നഷ്ടപ്പെടുമെന്ന ഘട്ടത്തിൽ നിൽക്കക്കള്ളിയിലാതെ ജീവനൊടുക്കിയ സാജൻ സർക്കാർ ക്രൂരതയുടെ ഇരയാണ്. എന്നാൽ സി ജെ റോയിയുടെ മരണത്തിൽ ഒട്ടേറെ ദുരൂഹതകൾ ഇനിയും ചുരുളഴിയാനുണ്ട്. മാസങ്ങൾക്ക് മുൻപേ അദ്ദേഹം ആത്മഹത്യയ്ക്ക് തയ്യാറെടുത്തിരുന്നുവെന്ന് ഡയറിക്കുറിപ്പുകൾ വ്യക്തമാക്കുന്നു. മരണത്തിന് തൊട്ടുമുൻപ് നടത്തിയ മൂന്ന് ഇന്റർനെറ്റ് കോളുകൾ ഈ സംശയങ്ങൾ വർദ്ധിപ്പിക്കുന്നു.

പണമെറിഞ്ഞ് സർക്കാരിനെയും മാദ്ധ്യമങ്ങളെയും സ്വാധീനിക്കാൻ കെൽപ്പുള്ള വ്യക്തിയായിരുന്നു റോയ്. എന്നാൽ സാജൻ ആരെയും ചതിക്കാത്ത, നേരായ വഴിക്കുനടന്ന മനുഷ്യനായിരുന്നു. രണ്ടും തികച്ചും വ്യത്യസ്‌ത സംഭവങ്ങളാണ്. കേരള സർക്കാരിന്റെ ക്രൂരതകൊണ്ടുതന്നെയാണ് സാജന് ആത്മഹത്യ ചെയ്യേണ്ടി വന്നത്. സാജൻ കേരള സർക്കാരിന്റെ അലംഭാവത്തിന്റെ ഇരയായിരുന്നു. റോയിയുടെ രഹസ്യങ്ങൾ മുഴുവൻ പുറത്തുവരും മുൻപ് പാവം സാജനെപ്പോലെയൊരാളുടെ ആത്മഹത്യയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല. അജഗജാന്തരം ആണ് ഇവരുടെ ജീവിതം. അതുകൊണ്ട് ദയവായി ആ പാവം സാജൻ എന്ന നേരായ മനുഷ്യനെ വെറുതേ വിടൂ. അങ്ങനെയെങ്കിലും നമുക്കാവുന്ന രീതിയിൽ അദ്ദേഹത്തിന് നീതി കൊടുക്കൂ.