നിയമസഭാംഗമെന്ന മലയാളം ബോർഡ് പാർക്കിംഗ് നിഷേധിക്കാൻ കാരണമായി; വൈറലായി എംഎൽഎ മാത്യു ടി തോമസിന്റെ കുറിപ്പ്

Thursday 05 February 2026 2:39 PM IST

ഔദ്യോഗിക വാഹനത്തിനുമുന്നിൽ എംഎൽഎ എന്ന ബോർഡിന് പകരം നിയമസഭാംഗമെന്ന് മലയാളത്തിൽ എഴുതിയത് പൊല്ലാപ്പായി. നവമാദ്ധ്യമങ്ങളിലൂടെ അനുഭവം പങ്കുവച്ചിരിക്കുകയാണ് തിരുവല്ല എംഎൽഎയും ജെഡിഎസ് നേതാവുമായ മാത്യു ടി തോമസ്. കഴിഞ്ഞ ദിവസം നിയമസഭയിലെത്തി വാഹനം പാർക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ വാച്ച് ആന്റ് വാർഡ് തടഞ്ഞ സംഭവമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. എംഎൽഎമാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലമാണിതെന്ന് പറഞ്ഞാണ് അദ്ദേഹത്തിന് പാർക്കിംഗ് അനുമതി നിഷേധിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

'ഞാൻ 2018 മുതൽ ഉപയോഗിക്കുന്ന കാറാണിത്. 2.25 ലക്ഷം കിലോമീറ്റർ ഓടിക്കഴിഞ്ഞു. ഇന്ന് നിയമസഭയിൽ പാർക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ എന്നെ അത്ര പരിചയമില്ലാത്ത വാച്ച് ആന്റ് വാർഡ് ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുകയായിരുന്ന എന്നോട് വളരെ വിനയത്തിൽ പറഞ്ഞു. ഇവിടെ എംഎൽഎമാരുടെ വാഹനങ്ങൾ മാത്രമേ പാർക്കിംഗ് അനുവദിക്കൂ. നിയമസഭാംഗങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പറ്റില്ലേ എന്ന എന്റെ ചോദ്യത്തിന് ഉടനെ മറുപടി വന്നു. എംഎൽഎമാരുടെ വാഹനങ്ങൾ മാത്രമേ പറ്റൂ. എംഎൽഎ എന്ന് ഇംഗ്ലീഷിൽ എഴുതിയാലേ ഒരു ഗമ ആകുവെന്ന് പല തവണ എന്റെ ഡ്രൈവർ വിഷ്‌ണു പറഞ്ഞിട്ടുള്ളത് എത്ര ശരിയാണെന്ന് ഇന്ന് ബോദ്ധ്യപ്പെട്ടു. നിയമസഭയുടെ ഔദ്യോഗിക ഭാഷാ സമിതിയുടെ അദ്ധ്യക്ഷൻ കൂടിയായ ഞാൻ ഇതിങ്ങനെ പോട്ടെയെന്ന് തീരുമാനിക്കുന്നു'