ടെക്നോ- കൾച്ചറൽ ഫെസ്റ്റ് 'തരംഗ്' നാളെ മുതൽ 1600 വിദ്യാർത്ഥികൾ പങ്കെടുക്കും

Thursday 05 February 2026 5:10 PM IST

നെടുമ്പാശേരി: ഐ.എച്ച്.ആർ.ഡി സംഘടിപ്പിക്കുന്ന സംസ്ഥാന ടെക്നോ - കൾച്ചറൽ ഫെസ്റ്റ് 'തരംഗ്' നാളെയും മറ്റന്നാളുമായി ചെങ്ങമനാട് കപ്രശേരി മോഡൽ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് ജനറൽ കൺവീനറും സ്കൂൾ പ്രിൻസിപ്പലുമായ സി. സന്ധ്യ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള സംസ്ഥാനത്തെ 87 സ്ഥാപനങ്ങളിൽ നിന്നുമായി 1600 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കും. 18 വേദികളിലായി പ്രോജക്ട് എക്സ്പോയും പ്രധാനവേദിയിൽ കൾച്ചറൽ പ്രോഗ്രാമും നടക്കും. തൃക്കാക്കര മോഡൽ എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.ഇ.എസ്.ജയചന്ദ്രൻ, സ്കൂൾ പി.ടി.എ പ്രസിഡന്റ് കെ. ശ്രീധരൻനായർ, കെ.വി. ജിജോ, കെ.എം.മർഫി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

മന്ത്രി ഡോ. ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും

നാളെ രാവിലെ 10ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷനാകും. ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ.വി.എ.അരുൺകുമാർ എം.പി, മുൻമന്ത്രി എസ്.ശർമ തുടങ്ങിയവർ പങ്കെടുക്കും. പഞ്ചായത്ത് പ്രസിഡന്റ് ജെർളി കപ്രശേരി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീദേവി മധു എന്നിവർ സംസാരിക്കും. ഞായറാഴ്ച വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനം ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. സിനിമാ സംവിധായകൻ ഇന്ദ്രജിത്ത് ഉണ്ണി പാലിയത്ത് മുഖ്യാതിഥിയാകും. പാറക്കടവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദാലി സംസാരിക്കും.