ഫെസ്റ്റ് നടത്താൻ പണമില്ല, ഐ.എച്ച്.ആർ.ഡി അനുവദിക്കുന്നത് വായ്പ മാത്രം!

Thursday 05 February 2026 5:17 PM IST

നെടുമ്പാശേരി: സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിക്ക് സംസ്ഥാന ടെക്നോ - കൾച്ചറൽ ഫെസ്റ്റ് 'തരംഗ്' സംഘടിപ്പിക്കാൻ പണമില്ല. നാളെയാരംഭിക്കുന്ന ഫെസ്റ്റിന് 35 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. ഐ.എച്ച്.ആർ.ഡി വായ്പയായി അനുവദിക്കുന്ന 10 ലക്ഷം രൂപ പരിപാടിക്ക് ശേഷം സംഘാടക സമിതി തിരിച്ചടക്കണം. പരിപാടിക്ക് ആവശ്യമായ പണം കുട്ടികൾക്ക് നൽകുന്ന 50 രൂപയുടെ കൂപ്പൺ ഉപയോഗിച്ച് പൊതുജനങ്ങളിൽ നിന്ന് ശേഖരിക്കണം. തികഞ്ഞില്ലെങ്കിൽ സ്പോൺസർമാരെ കണ്ടെത്തണം. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളിലും മറ്റ് സർവകലാശാലതല പരിപാടികൾക്കെല്ലാം സർക്കാരും ബന്ധപ്പെട്ട സ്ഥാപനങ്ങളും ഫണ്ട് അനുവദിക്കുമ്പോൾ ഐ.എച്ച്.ആർ.ഡി സ്ഥാപനങ്ങളിൽ മാത്രം കുട്ടികൾ കൈനീട്ടേണ്ട അവസ്ഥയാണ്. ഐ.എച്ച്.ആർ.ഡി സംഘടിപ്പിക്കുന്ന നാലാമത് സംസ്ഥാന ടെക്നോ - കൾച്ചറൽ ഫെസ്റ്റാണ് ചെങ്ങമനാട് കപ്രശേരി മോഡൽ ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്നത്.