ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു

Thursday 05 February 2026 6:26 PM IST

കൊച്ചി: സോഫാ നിർമ്മാണ സാമഗ്രികളുമായി പോയ മാരുതി ഒമ്‌നി ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു. ഡ്രൈവറും സോഫാ നിർമ്മാണ യൂണിറ്റ് ഉടമയായ സ്ത്രീയും വാഹനം നിറുത്തിയതിനാൽ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 12.30ന് വൈറ്റില-തൃപ്പൂണിത്തുറ റോഡിൽ ചമ്പക്കര പാലത്തിന് സമീപത്തായിരുന്നു സംഭവം. സോഫാ നിർമ്മാണത്തിനുള്ള തുണിയും കംപ്രസറും കയറ്റി പെരുമ്പാവൂരിലേക്ക് പോവുന്നതിനിടെ എൻജിൻ ഭാഗത്ത് നിന്ന് ശക്തമായ പുകയും തീയും ഉയരുകയായിരുന്നു. തൃപ്പൂണിത്തുറ, ഗാന്ധിനഗർ ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് കെടുത്തിയത്. ഗാന്ധിനഗർ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ വിമൽകുമാർ, തൃപ്പൂണിത്തുറ എസ്.എഫ്.ആർ.ഒ അനുരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർ‌ത്തനം.