പറമ്പില്‍ ഈ മരമുണ്ടെങ്കില്‍ വരുമാനം ലക്ഷങ്ങള്‍; ഇനി ധൈര്യമായി വെട്ടി വില്‍ക്കാം
തിരുവനന്തപുരം: കേരള വന നിയമ ഭേദഗതി ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയതോടെ കോളടിക്കാന്‍ പോകുന്നത് നിരവധിപേര്‍ക്ക്. സ്വകാര്യ ഭൂമിയിലുള്ള ചന്ദനമരങ്ങള്‍ വനം വകുപ്പ് മുഖേന വില്‍പ്പന നടത്തുന്നതിന് വ്യവസ്ഥ ചെയ്യുന്നുണ്ട്. മുറിച്ച് വില്‍ക്കുന്ന ചന്ദനമരത്തിന്റെ വില ഭൂ ഉടമക്ക്? ലഭിക്കും. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് ചന്ദന കൃഷി വ്യാപിക്കുമെന്നും കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ സാധിക്കും.
സ്വന്തം ഭൂമിയിലെ ചന്ദന മരം മുറിച്ച് വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നത് പോലും നിലവിലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ശിക്ഷാര്‍ഹമായിരുന്നു. ഉണങ്ങിയതും അപകടകരമായതുമായ ചന്ദന മരങ്ങളും സ്വന്തം ആവശ്യത്തിന് വീട് വെക്കുന്ന സ്ഥലത്തുള്ള മരങ്ങളും മാത്രം മുറിക്കാനായിരുന്നു അനുമതി. അത് തന്നെ ഒരു സമിതി പരിശോധിച്ച് ശുപാര്‍ശ ചെയ്താല്‍ മാത്രം അനുവാദം നല്‍കാം എന്നായിരുന്നു വ്യവസ്ഥ. അതുകൊണ്ട് തന്നെ സ്വന്തം ഭൂമിയില്‍ നിന്നും ചന്ദനമരം മോഷണം പോയാലും സ്ഥല ഉടമക്കെതിരെ കേസ് എടുക്കേണ്ടി വന്നിരുന്നു.
കോടതിയില്‍ എത്തുന്ന കേസുകള്‍ കോടതിയുടെ അനുമതിയോടെ പിഴയടച്ച് കേസ് അവസാനിപ്പിക്കുന്ന വിധത്തിലാണ് പുതിയ ബില്ലിലെ വ്യവസ്ഥകള്‍. നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ നേരത്തെ ജയില്‍ ശിക്ഷ വരെ കിട്ടുമായിരുന്ന കുറ്റങ്ങളില്‍ പിഴ ശിക്ഷ മാത്രമായി ചുരുങ്ങുകയും ചെയ്യും.