പത്തനംതിട്ടയുടെ വാതിലിൽ മുട്ടി പകർച്ചവ്യാധികൾ

Friday 06 February 2026 12:45 AM IST

പത്തനംതിട്ട: വേനലിന്റെ കാഠിന്യത്തിനൊപ്പം ജില്ലയിൽ എലിപ്പനി, ഡെങ്കിപ്പനി, ചെങ്കണ്ണ്, ചിക്കൻപോക്സ് തുടങ്ങിയ പകർച്ചവ്യാധികളും പിടിമുറുക്കുന്നു. കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ ജില്ലയിൽ 872 പനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വൈറൽ പനിക്കൊപ്പം എലിപ്പനിയും വില്ലനാവുകയാണ്.

ഈ മാസം ഇതുവരെ രണ്ടിടത്താണ് എലിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 21 പേർക്ക് എലിപ്പനി ബാധിച്ചിരുന്നു. റാന്നി, തോട്ടപ്പുഴശേരി, ഏറത്ത്, കോഴഞ്ചേരി, ഓമല്ലൂർ, കാഞ്ഞീറ്റുകര, പുറമറ്റം, പ്രമാടം, ചന്ദനപ്പള്ളി, തണ്ണിത്തോട്, വടശേരിക്കര, മെഴുവേലി എന്നിവിടങ്ങളിലാണ് എലിപ്പനി സ്ഥിരീകരിച്ചത്.

ഡെങ്കിപ്പനി സംശയിച്ച 14 പേരിൽ ഏഴുപേർക്കും രോഗം സ്ഥിരീകരിച്ചു. തിരുവല്ല, കോഴഞ്ചേരി, കുന്നന്താനം, പഴവങ്ങാടി, റാന്നി, പ്രമാടം ഭാഗത്താണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വേനൽമഴ അധികമായാൽ രോഗങ്ങൾ വ്യാപകമാകുന്ന ആശങ്കയിലാണ് അധികൃതർ.

ചൂടാകല്ലേ, രോഗിയാകും

 വേനൽക്കാല രോഗങ്ങൾ വർദ്ധിച്ചു

 ചെങ്കണ്ണ്, ചിക്കൻപോക്സ്, തക്കാളിപ്പനി, ചൂടുകുരു തുടങ്ങിയവ ശക്തമായി

 കുട്ടികളിലാണ് രോഗങ്ങൾ കൂടുതലായി കാണുന്നത്

 ആദിവാസി ഉന്നതികളിലേയ്ക്ക് രോഗം പടരുമോയെന്ന് ആശങ്ക

 മുൻ വർഷങ്ങളിൽ ഉന്നതികളിൽ ചിക്കൻപോക്സ് പടർന്നിരുന്നുർ

 ആരോഗ്യ വകുപ്പ് പ്രതിരോധ നടപടി ശക്തമാക്കി

കഴിഞ്ഞ മാസം

എലിപ്പനി-21

ഡെങ്കിപ്പനി-7

ഈ മാസം പനി രോഗികൾ-872

കൈവിടരുത് പ്രതിരോധം

 രോഗ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടുക  ചൂട് കൂടുന്ന സമയത്ത് പുറത്തിറങ്ങരുത്  വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്  തിളപ്പിച്ചാറിച്ച വെള്ളം കുടിക്കുക  കൊതുകിന്റെ ഉറവിടം നശിപ്പിക്കുക  വ്യക്തി ശുചിത്വവും പരിസരശുചിത്വവും പാലിക്കുക

സ്വയം ചികിത്സ അരുത്. കൃത്യസമയത്ത് ഡോക്ടറുടെ സേവനം തേടണം.

ആരോഗ്യ വകുപ്പ് അധികൃതർ