കുണ്ടറയിൽ തെരുവുനായ ശല്യം രൂക്ഷം,​ വളർത്തുമൃഗങ്ങൾക്കും ആക്രമണം

Friday 06 February 2026 1:49 AM IST

കൊല്ലം: കുണ്ടറ പഞ്ചായത്ത് പരിധിയിൽ തെരുവുനായ ആക്രമണം രൂക്ഷമായതോടെ പുറത്തിറങ്ങാൻ ഭയന്ന് ജനം. കുണ്ടറ പഞ്ചായത്ത് 9-ാം വാർഡിൽ (കുണ്ടറ വാർഡ്) ചിറയിൽ ഭാഗത്ത് കഴിഞ്ഞദിവസം തെരുവുനായ്ക്കൾ രണ്ട് ഗർഭിണിയായ ആടുകളെയും പശുകിടാവിനെയും രണ്ട് പൂച്ചകളെയും കടിച്ച് കൊന്നിരുന്നു. ഇന്നലെ പുലർച്ചെ 6.20 ഓടെയായിരുന്നു സംഭവം. കുണ്ടറ ചിറയിൽ ഭാഗത്ത് ക്ഷീരകർഷക ജേതാവായ ചരുവിള വീട്ടിൽ റഷീദാ ബീവിയുടെ വീട്ടിലെ ആടുകളെയും പശുക്കിടാവിനെയും പൂച്ചകളെയുമാണ് കൂട്ടത്തോടെയെത്തിയ തെരുവുനായ്ക്കൾ ആക്രമിച്ചത്. കൂട് തകർത്ത് അകത്ത് കടന്നാണ് ആടുകളെ ആക്രമിച്ചത്. രാവിലെ പശുവിനെ കറക്കാൻ വന്നയാളാണ് സംഭവം കാണുന്നത്. ഇദ്ദേഹത്തിന് നേർക്ക് നായ്ക്കൾ ആക്രമിക്കാൻ പാഞ്ഞടുത്തെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നു. രണ്ട് ദിവസവും മുമ്പും ഒരാട് സമാനമായ രീതിയിൽ ചത്തിരുന്നു. രാത്രിയിൽ വീട്ടിൽ വളർത്തുന്ന നായ്ക്കളെ പോലും അഴിച്ചു വിടാൻ പറ്റാത്ത അവസ്ഥയാണെന്നും നാട്ടുകാർ പറയുന്നു. റോഡുകളിലും ജനവാസ മേഖലകളിലും ഉൾപ്പെടെ തെരുവുനായ്ക്കൾ യഥേഷ്ടം വിഹരിക്കുന്നു. ശല്യം രൂക്ഷമായിട്ടും ഉത്തരവാദപ്പെട്ടവർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ആക്ഷേപം.

എങ്ങനെ പുറത്തിറങ്ങും

വഴിയാത്രക്കാർക്കും ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും ഭീഷണിയാകുന്ന തരത്തിലാണ് തെരുവ് നായയ്ക്കളുടെ വർദ്ധന. ഇടറോഡുകളിലും മറ്റും കൂട്ടമായി തമ്പടിച്ചിരിക്കുന്ന ഇവ ഇരുചക്ര വാഹനങ്ങൾക്ക് പിന്നാലെ കുരച്ച് കൊണ്ടോടിയും ബൈക്കിന് കുറുകെ ചാടിയുമാണ് അപകമുണ്ടാകുന്നത്. പുലർച്ചെ ഓടാനും നടക്കാനും പോകുന്നവർ,പാൽ,പത്രം വിതരണക്കാർ തുടങ്ങിയവർ തെരുവ് നായ്ക്കൾ മൂലം പൊറുതി മുട്ടി. വിദ്യാർത്ഥികളും ഏറെ പേടിച്ചാണ് യാത്ര. മുതിർന്നവർ വരെ വീടിന് പുറത്തിറങ്ങാൻ പേടിക്കുന്നുണ്ട്. എ.ബി.സി പദ്ധതി കാര്യക്ഷമമായി നടക്കുന്നില്ലെന്നാണ് ആക്ഷേപം. എ.ബി.സി പദ്ധതി നടപ്പാക്കാൻ പര്യാപ്തമായ ഫണ്ട് ലഭ്യമാകുന്നില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ പക്ഷം.