വാളയാറിൽ ചുറ്റും വെള്ളം,​ പക്ഷെ തുള്ളി കുടിപ്പാൻ ഇല്ലത്രെ

Friday 06 February 2026 1:54 AM IST
fഫയൽ ചിത്രം

വാളയാർ: വിളിപ്പാടകലെ വാളയാർ ഡാം. പരിസരത്ത് നിറഞ്ഞൊഴുകുന്ന കോരയാർ,​ വരട്ടയാർ പുഴകൾ. കണ്ണെത്തും ദൂരത്ത് മലമ്പുഴ വെള്ളം സംഭരിക്കുന്ന ജല സംഭരണി. എല്ലാ വീടുകളിലും മലമ്പുഴ വെള്ളം പമ്പ് ചെയ്യുന്ന പൈപ്പ്‌ലൈൻ. ഇത്രയൊക്കെ ഉണ്ടെങ്കിലും വാളയാർ നിവാസികൾക്ക് കുടിക്കാൻ വെള്ളമില്ല. ടാങ്കർ ലോറിക്കാരിൽ നിന്ന് പണം കൊടുത്ത് വെള്ളം വാങ്ങേണ്ട ഗതികേടിലാണിവർ. വേനൽ കടുത്തതോടെ 180 ഓളം കുടുംബങ്ങളാണ് വെള്ളമില്ലാതെ വിഷമിക്കുന്നത്. പ്രദേശത്ത് വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നവരും വെള്ളമില്ലാത്തതിന്റെ ദുരിതം സഹിക്കുന്നവരാണ്. മലമ്പുഴ വെള്ളം പുലാമ്പാറയിലെ ടാങ്ക് വഴി പമ്പ് ചെയ്ത് വാളയാറിലെ എല്ലാ വീടുകളിലും എത്തിക്കാൻ കഴിയുംവിധം പൈപ്പ് ലൈനുകൾ സ്ഥാപിച്ചിട്ടുണ്ട്. പക്ഷെ ഈ പൈപ്പുകളിൽ വെള്ളത്തിന് പകരം കാറ്റ് മാത്രമെ വരാറുള്ളു. പമ്പിംഗിലെ തകരാറാണ് പ്രശ്നം. ഇത് പരിഹരിക്കാൻ വാട്ടർ അതോറി ഒരു നടപടിയും എടുക്കുന്നില്ലെന്നാണ് പരാതി. പുതിയ ടാങ്ക് വഴി പമ്പിംഗ് തുടങ്ങിയാലേ വാളയാർ മേഖലയിൽ വെള്ളം എത്തിക്കാൻ കഴിയൂ എന്നാണ് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നത്. മൂന്ന് ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള പുതിയ വാട്ടർടാങ്കിന്റെ നിർമ്മാണം വാളയാറിൽ പൂർത്തിയായിട്ടുണ്ട്. എന്നാൽ ടാങ്ക് ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞിട്ടില്ല. പൈപ്പ് ലൈനുകൾ റെയിൽവേയുടെ ഭാഗത്തുകൂടിയാണ് വരേണ്ടത്. എന്നാൽ പൈപ്പ്‌‌ലൈൻ സ്ഥാപിക്കാൻ റെയിൽവേ അനുമതി നൽകിയിട്ടില്ല. അനുമതി കിട്ടിയതിന് ശേഷമേ ടാങ്ക് ഉദ്ഘാടനം ചെയ്യാൻ കഴിയുകയുള്ളു. ഈ സാഹചര്യം നിലനിൽക്കുമ്പോഴാണ് വെള്ളത്തിന് വേണ്ടി പുതിയ ടാങ്ക് ഉദ്ഘാടനം ചെയ്യുന്നത് വരെ കാത്തിരിക്കണമെന്ന് വാട്ടർ അതോറിറ്റി പറയുന്നത്. പുതുശ്ശേരി പഞ്ചായത്തിലെ എട്ടാം വാർഡിൽ ഉൾപ്പെട്ട പ്രദേശങ്ങളിലാണ് വെള്ളം എത്താത്തത്. പുതിയ ടാങ്ക് ഉദ്ഘാടനത്തിന് കാത്തിരിക്കാതെ പമ്പിംഗ് തകരാറുകൾ പരിഹരിച്ച് നിലവിലുള്ള ടാങ്ക് വഴി പൈപ്പ് വെള്ളം എത്തിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

വാട്ടർ അതോറിറ്റിയുടെ കടുത്ത അനാസ്ഥയാണ് കുടിവെള്ള വിതരണം തടസ്സപ്പെടാൻ കാരണം. ജലവിതരണം കാര്യക്ഷമമാക്കാൻ ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധം ഉൾപ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ട് പോകും.

-ആൽബർട്ട്,​ മുൻ പഞ്ചായത്തംഗം,​ പുതുശ്ശേരി