പ്രതിപക്ഷ നേതാവ് നയിക്കുന്ന 'പുതുയുഗ യാത്ര'യ്ക്ക് ഇന്ന് തുടക്കം, വീണ്ടെടുപ്പിന്റെ മഹായാത്ര
ഇടതു മുന്നണി സർക്കാർ പത്തു വർഷത്തെ ദുർഭരണത്തിലൂടെ തകർത്തെറിഞ്ഞ കേരളത്തെ വീണ്ടെടുക്കുന്നതിനാണ് ഐക്യ ജനാധിപത്യ മുന്നണി കാസർകോട് മുതൽ തിരുവനന്തപുരം വരെ 'പുതുയുഗ യാത്ര" സംഘടിപ്പിക്കുന്നത്. മോദി ഭരണകൂടത്തെപ്പോലെ ധാർഷ്ട്യവും ഫാഷിസവുമാണ് ഇടതുപക്ഷമെന്ന് അവകാശപ്പെടുന്ന പിണറായി വിജയൻ സർക്കാരിന്റെയും മുഖമുദ്ര. സർക്കാരില്ലായ്മയാണ് കേരളം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന്റെ സാന്നിദ്ധ്യം ഉണ്ടാകണമെന്ന് ജനം ആഗ്രഹിക്കുമ്പോഴൊന്നും അതുണ്ടാകാറില്ല.
പത്തു വർഷംകൊണ്ട് ആരോഗ്യ- വിദ്യാഭ്യാസ മേഖലകൾ ഉൾപ്പെടെ എല്ലാം തകർത്ത് തരിപ്പണമാക്കി. ക്ഷേമ, വികസന പ്രവർത്തനങ്ങൾക്ക് പണമില്ലാത്ത അവസ്ഥ. ചരിത്രത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത ധനപ്രതിസന്ധി. ഭരണത്തിന്റെ തണലിൽ ശബരിമലയിലെ സ്വർണവും സി.പി.എം കൊള്ളസംഘം തട്ടിയെടുത്തു. ഈ സർക്കാരിനെ തുറന്നുകാട്ടുന്നതിനൊപ്പം, യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ എന്തു ചെയ്യുമെന്ന് ജനങ്ങളോട് പറയേണ്ടതുണ്ടെന്ന ബോദ്ധ്യവും ഞങ്ങൾക്കുണ്ട്. കടക്കെണിയിൽ നിന്ന് കേരളത്തെ രക്ഷിക്കുന്നത് ഉൾപ്പെടെ ആരോഗ്യ, വിദ്യാഭ്യാസ, വികസന മേഖലകളിൽ യു.ഡി.എഫിന് കൃത്യമായ ബദൽ പദ്ധതികളും പരിപാടികളുമുണ്ട്. പുതുയുഗ യാത്രയുടെ ഭാഗമായി ഓരോ പ്രദേശത്തിന്റെയും പ്രത്യേകമായ പ്രശ്നങ്ങൾ അതത് പ്രദേശങ്ങളിലെ ജനങ്ങളുമായി ചർച്ച ചെയ്യും.
സ്വർണക്കൊള്ള
ജനം ക്ഷമിക്കില്ല
ശബരിമല ധർമ്മശാസ്താവിന്റെ സ്വർണം പൊതിഞ്ഞ കട്ടിളയും വാതിൽപ്പടിയും ദ്വാരപാലക ശില്പങ്ങളും മോഷ്ടിച്ച കേസിൽ മൂന്ന് സി.പി.എം നേതാക്കളാണ് ജയിലിൽ കിടക്കുന്നത്. സ്വർണം കട്ടത് സി.പി.എം നേതാക്കളാണ്. മോഷണക്കേസിൽ പ്രതികളായ നേതാക്കളെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയും സർക്കാരും സി.പി.എം നേതൃത്വവുമാണ്. പ്രതികളായ നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കാൻ പോലും സി.പി.എം തയ്യാറായിട്ടില്ല. ഉന്നതരായ കൂടുതൽ സി.പി.എം നേതാക്കൾക്കെതിരെ മൊഴി നൽകുമോയെന്ന ഭയമാണ് ഇതിനു കാരണം. കോടതി നിയോഗിച്ച എസ്.ഐ.ടിയുടെ പ്രവർത്തനത്തെയും മുഖ്യമന്ത്രിയുടെ ഓഫീസ് മരവിപ്പിച്ചു. പ്രാഥമിക കുറ്റംപത്രം പോലും നൽകാതെ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുകയാണ്.
അഴിമതിയും ധൂർത്തും പിൻവാതിൽ നിയമനങ്ങളും നടത്തി കേരളത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമ്പോഴും അതിന്റെ ഇരകളായി മാറുന്നത് സാധാരണക്കാരാണ്. പെട്രോളിനും ഡീസലിനും നികുതിക്കു പുറമെ രണ്ട് രൂപയാണ് സംസ്ഥാന സർക്കാർ സെസ് ഇനത്തിൽ ഏർപ്പെടുത്തിയത്. ഭൂമിയുടെ ന്യായവിലയും 20 ശതമാനം വർധിപ്പിച്ചു. വില കൂട്ടില്ലെന്നു പറഞ്ഞ 13 ഇന സബ്സിഡി ഭക്ഷ്യവസ്തുക്കളുടെ വില വർദ്ധിപ്പിച്ചു. അതിൽ പല സാധനങ്ങളും കിട്ടാനില്ലാത്ത അവസ്ഥയുമാണ്. വെള്ളക്കരം 300 ശതമാനമാണ് വർദ്ധിപ്പിച്ചത്. 2021 മേയ് മുതൽ നാലു തവണ വൈദ്യുതി നിരക്ക് വർധിപ്പിച്ചു. സർക്കാർ സേവനങ്ങൾക്കുള്ള ഫീസുകളും കുത്തനെ കൂട്ടി. പതിനൊന്നു മാസമായി, രാജ്യത്ത് വിലക്കയറ്റം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്താണ് കേരളം!
കടുത്ത ധന
പ്രതിസന്ധി
കടുത്ത ധനപ്രതിസന്ധിയെ തുടർന്ന് മാസങ്ങളായി സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ സർക്കാർ പടിയിറങ്ങുമ്പോൾ സംസ്ഥാനത്തിന്റെ മൊത്തം കടം 6 ലക്ഷം കോടിയാകും. സർക്കാർ ജീവനക്കാർക്കും ക്ഷേമനിധി ബോർഡിനും അടക്കം നൽകാനുള്ള കുടിശ്ശിക 2 ലക്ഷം കോടി വരും. ഇതുകൂടി കണക്കാക്കിയാൽ ആകെ കടം 8 ലക്ഷം കോടിയാകും. തുച്ഛമായ വേതന വർദ്ധനവിനു വേണ്ടി തെരുവിലിറങ്ങിയ ആശാ പ്രവർത്തകരെയും അങ്കണവാടി ജീവനക്കാരെയും അപമാനിച്ചതും ഇടതുപക്ഷ സർക്കാരിലെ മന്ത്രിമാരാണ്. അവർ അനുഭവിച്ച അവഗണനയ്ക്കും അപമാനത്തിനും അടുത്ത യു.ഡി.എഫ് സർക്കാർ പരിഹാരമുണ്ടാക്കും.
കാലങ്ങൾകൊണ്ട് കേരളം വിദ്യാഭ്യാസ- ആരോഗ്യ മേഖലകളിൽ ആർജ്ജിച്ചെടുത്ത നേട്ടങ്ങളൊക്കെ ഈ സർക്കാർ പത്തു വർഷംകൊണ്ട് ഇല്ലാതാക്കി. സർവകലാശാലകളിലെയും കോളജുകളിലെയും അക്കാഡമിക് അന്തരീക്ഷം തകർത്ത് തരിപ്പണമാക്കി. നമ്മുടെ കുട്ടികൾ കൂട്ടത്തോടെ വിദേശങ്ങളിലക്ക് ചേക്കേറുകയാണ്. 'ബ്രെയിൻ ഡ്രെയിൻ" ആണ് കേരളത്തിൽ സംഭവിക്കുന്നത്. കാലഘട്ടത്തിന് അനുയോജ്യമായ കോഴ്സുകൾ ആരംഭിച്ചും തൊഴിൽ സാദ്ധ്യതകൾ ഉറപ്പാക്കുന്ന പ്രോഗ്രാമുകൾ തുടങ്ങിയും നമ്മുടെ കുട്ടികളെ നാട്ടിൽ പിടിച്ചു നിറുത്തേണ്ടതുണ്ട്. അതിന് ആവശ്യമായ നടപടികൾ യു.ഡി.എഫ് സ്വീകരിക്കും.
കൈപ്പിഴകളും
അഴിമതിയും
ആരോഗ്യ മേഖല വെന്റിലേറ്ററിലാണ്. ആശുപത്രികളിലെ ശ്രദ്ധയില്ലായ്മയും കൈപ്പിഴകളും നിരന്തരമായി വർദ്ധിക്കുകയാണ്. കൊവിഡിന്റെ മറവിൽ പി.ആർ കമ്പനികളെ ഉപയോഗിച്ച് ജനങ്ങളെ കബളിപ്പിച്ച സർക്കാർ കോടിക്കണക്കിന് രൂപ അടിച്ചു മാറ്റിയതും കേരളം മറന്നിട്ടില്ല. ഉദ്യോഗസ്ഥ- രാഷ്ട്രീയ അഴിമതിയുടെ ഏറ്റവും വലിയ സ്മാരകമായി ദേശീയപാത മാറിയിരിക്കുന്നു. ദേശീയപാതയിലെ 'അഴിമതി നിർമ്മിതികൾ" തകർന്നു വീഴുന്നത് പതിവായി. തകർന്നു വീഴാത്ത പാലാരിവട്ടം പാലത്തെ 'പഞ്ചവടിപ്പാല"മെന്ന് അധിക്ഷേപിച്ച് മുൻ മന്ത്രിക്കെതിരെ വിജിലൻസ് കേസുണ്ടാക്കി ജയിലിൽ അടയ്ക്കാൻ ശ്രമിച്ചവരാണ് സംസ്ഥാനം ഭരിക്കുന്നത്.
പാർലെന്റ് തിരഞ്ഞെടുപ്പിൽ കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ, കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാൻ തൃശൂർ പാർലമെന്റ് സീറ്റാണ് സി.പി.എം ബി.ജെ.പിക്ക് തീറെഴുതിക്കൊടുത്തത്. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും സി.പി.എം നേതാക്കൾക്കും എതിരായ എത്രയെത്ര അഴിമതി കേസുകളാണ് ബി.ജെ.പി- സി.പി.എം കൂട്ടുകെട്ടിൽ ഒത്തുതീർപ്പായത്. മൈക്കിനു മുന്നിൽ വർഗീയതയ്ക്ക് എതിരായ പോരാട്ടവും, സ്‌റ്റേജിനു പിന്നിൽ വർഗീയവാദികളെ ആശ്ലേഷിക്കുന്ന കാപട്യവും കേരളത്തിലെ ജനം തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. സാമ്പത്തികമായും സാമൂഹികമായും തകർന്നടിഞ്ഞ
നമ്മുടെ നാടിനെ വീണ്ടെടുക്കുക എന്നതാണ് യു.ഡി.എഫിന്റെ ലക്ഷ്യം. ജനാധിപത്യ അവകാശങ്ങൾ സംരക്ഷിച്ച്, മതനിരപേക്ഷതയ്ക്ക് അല്പം പോലും പോറലേൽക്കാതെ ആ ദൗത്യം യു.ഡി.എഫ് നിറവേറ്റും.
പുതുയുഗ യാത്ര;
പറഞ്ഞും കേട്ടും
ക്ഷേമ പെൻഷൻ 2500 ആക്കുമെന്ന് കബളിപ്പിച്ചാണ് പിണറായി സർക്കാർ തുടർഭരണം നേടിയത്. ഭരണത്തിലെത്തി നാലര വർഷമായിട്ടും നയാപൈസ കൂട്ടാത്തവർ തദ്ദേശ തിരഞ്ഞെടുപ്പിന്റെ തലേ ആഴ്ചയാണ് 400 രൂപ വർദ്ധിപ്പിച്ചത്. അതിനുള്ള മറുപടി തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള ജനത എൽ.ഡി.എഫിന് നൽകി. റബറിന്റെ താങ്ങുവില 250 രൂപയാക്കുമെന്ന് വാഗ്ദാനം നൽകിയവർ പത്ത് വർഷംകൊണ്ട് കൂട്ടിയത് 50 രൂപ മാത്രം! നെല്ലും നാളകേരവും ഉൾപ്പെടെ വിവിധ കാർഷിക മേഖലകളെയും കർഷകരെയും ഈ സർക്കാർ അവഗണിച്ചു. 30 ലക്ഷം ജനങ്ങളാണ് മലയോരമേഖലയിലുള്ളത്. എന്നിട്ടും വന്യജീവി ആക്രമണം നേരിടാൻ സർക്കാരിന് ഒരു പദ്ധതിയുമില്ല.
നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള പതിവ് രാഷ്ട്രീയജാഥ എന്നതിനും അപ്പുറം, ജനങ്ങളെ കേട്ടും അവരുടെ നിർദ്ദേശങ്ങൾ സ്വീകരിച്ചും തകർന്നടിഞ്ഞ നമ്മുടെ നാടിനെ പുതുയുഗത്തലേക്ക് നയിക്കുന്ന ചരിത്രപരമായ ജനകീയ മുന്നേറ്റമായിരിക്കും 'പുതുയുഗ യാത്ര." ഇടതുപക്ഷമെന്ന് പറയുമ്പോഴും തീവ്രവ ലതുപക്ഷ മുഖവും ഫാഷിസ്റ്റ് മനോഭാവുമുള്ള പിണറായി വിജയൻ സർക്കാരിനെ കേരള ജനത തൂത്തെറിയുമെന്നതിൽ ഒരു സംശയവുമില്ല.