കേരള ബാങ്ക് ജീവനക്കാരുടെ പെൻഷൻ നടത്തിപ്പ് ചുമതല കേരള ബാങ്കിന്

Friday 06 February 2026 12:55 AM IST

തിരുവനന്തപുരം: കേരള ബാങ്ക് ജീവനക്കാരുടെ പെൻഷൻ പദ്ധതി നടത്തിപ്പ് ചുമതല കേരള ബാങ്കിന് കൈമാറാൻ തീരുമാനം. നിലവിൽ സഹകരണ പെൻഷൻ ബോർഡ് വഴിയാണ് നൽകുന്നത്. മന്ത്രി വി.എൻ.വാസവന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

മൂന്നുമാസത്തിനകം പെൻഷൻ പദ്ധതി നടത്തിപ്പ് കേരള ബാങ്ക് ഏറ്റെടുക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. 2010 ജനുവരി മുതലാണ് കേരള ബാങ്കിലെ ജീവനക്കാർക്ക് സഹകരണ പെൻഷൻ ബോർഡ് മുഖേന പെൻഷൻ നൽകുന്നത്. നിലവിൽ 4,666 പേർ പെൻഷൻ വാങ്ങുന്നുണ്ട്. പെൻഷൻ ബോർഡിൽ ജീവനക്കാർ അടച്ച തുക മൂന്നുമാസത്തിനുള്ളിൽ കേരള ബാങ്കിന് കൈമാറാനും തീരുമാനിച്ചു.

യോഗത്തിൽ സഹകരണ പെൻഷൻ ബോർഡ് ചെയർമാൻ ആർ.തിലകൻ, കേരള ബാങ്ക് സി.ഇ.ഒ ജോർട്ടി എം.ചാക്കോ, സഹകരണ വകുപ്പ് അഡിഷണൽ സെക്രട്ടറി അജി ഫിലിപ്പ്, കേരള ബാങ്ക് എക്സിക്യുട്ടിവ് ഡയറക്ടർ റോയി എബ്രഹാം, അഡിഷണൽ രജിസ്ട്രാർ രാമകൃഷ്ണൻ, സഹകരണ ജോയിന്റ് രജിസ്ട്രാർ എ.ബിന്ദു എന്നിവർ പങ്കെടുത്തു.