ജുവൽ മേരി പറയുന്നു കാൻസർ പോരാട്ടം ശരിക്കും 'ഗെയിം'

Friday 06 February 2026 12:59 AM IST
ജുവൽ മേരി

കോഴിക്കോട്: എന്നായാലും ഒരിക്കൽ മരിക്കുമെന്ന സത്യം തിരിച്ചറിഞ്ഞതോടെ കാൻസറിനോടുള്ള പോരാട്ടത്തെ ഒരു കളിയായി (ഗെയിം) താൻ കാണാൻ തുടങ്ങിയെന്ന് നടിയും തെെറോയ്ഡ് കാൻസർ അതിജീവിതയുമായ ജുവൽ മേരി. ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ പുതുതായി തുടങ്ങിയ 'നവ' കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്യവെ മനസുതുറക്കുകയായിരുന്നു അവർ. വെറുതെയിരിക്കുന്നവർ കുഴഞ്ഞുവീണ് മരിക്കുന്നു. എപ്പോൾ വേണമെങ്കിലും പ്രാണൻ ന‌ഷ്ടപ്പെടാമെന്ന് തിരിച്ചറിഞ്ഞപ്പോൾ കാൻസർ ചികിത്സയോടുള്ള ഭയമില്ലാതായി.

മരണത്തെ കുറിച്ച് വേവലാതിപ്പെടേണ്ടെന്നു തോന്നി. മരണം വരെ ജീവിക്കുന്നതാണ് പ്രധാനമെന്നും തിരിച്ചറിഞ്ഞു. എന്തിനെയും നേരിടാനുള്ള ശക്തിയും കരുത്തുമുണ്ടായി. കാൻസർ അതിജീവനത്തിന് ശേഷമാണ് അതുവരെ കാറോടിക്കാൻ പേടിയായിരുന്ന താൻ ലോണെടുത്ത് കാർ വാങ്ങി ഓടിച്ചുതുടങ്ങിയതെന്നും ജുവൽ മേരി പറഞ്ഞു.

സന്തോഷമായിരിക്കാൻ വർത്തമാനകാലത്തിൽ ജീവിക്കണമെന്നാണ് പറയുന്നത്. എന്നാൽ കാൻസറുമായുള്ള കളിയിൽ വർത്തമാനത്തിലല്ല താൻ ജീവിച്ചത്, ഭാവിയെ കുറിച്ചുള്ള സ്വപ്നങ്ങളിലാണ്. കരിയർ പ്ളാനിലും ഭാവി ജീവിതത്തെ കുറിച്ചുള്ള സ്വപ്നങ്ങളിലും മുഴുകി. അതോടെ ചികിത്സാകാലം ബുദ്ധിമുട്ടില്ലാതെ കടന്നുപോയി. സർജറി കഴിഞ്ഞ് ശബ്ദം പൂർണമായും നഷ്ടപ്പെട്ടെങ്കിലും പതുക്കെ തിരിച്ചുകിട്ടി. എല്ലാറ്റിനെയും ഭയന്നു ജീവിക്കുന്നതിൽ ഒരർത്ഥവുമില്ല. രസകരമാെയൊരു ലണ്ടൻ യാത്രയും അവിടുത്തെ ഷോയും കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് തനിക്ക് കാൻസറെന്ന ലോട്ടറിയടിച്ചതെന്ന് ജുവൽ മേരി നർമ്മം കലർത്തി പറഞ്ഞു.അതാെരു ആഘാതമായി.

  • മരിച്ചതു പോലുള്ള അനുഭവം

കാൻസർ വന്നാൽ എങ്ങനെ ജീവിക്കണമെന്നതിനെ പറ്റി നമ്മളാരും തയ്യാറെടുത്തവരല്ല. ദു:ഖവും സന്തോഷവും നിറഞ്ഞ സാധാരണ ജീവിതമായിരുന്നു എന്റേത്. കാൻസറാണെന്ന് പരിശോധനയിൽ തിരിച്ചറിഞ്ഞ ആദ്യ ദിവസങ്ങളിൽ മരിച്ചതിനു തുല്യമായിരുന്നു. പരിശോധന വേളയിൽ ഡോക്ടർമാർ പറയുന്നതിന്റെ പൊരുൾ ബി.എസ്.സി നഴ്സിംഗ് കഴിഞ്ഞ തനിക്കറിയാമായിരുന്നു. അപ്പോൾത്തന്നെ ശരീരം തണുത്തു. മനസ് മരവിച്ചു. ഉടൻ ബയോപ്സി ചെയ്യണമെന്ന് പറഞ്ഞപ്പോൾ ഭൂമിയിൽ കാൽ ഉറച്ചുപോകുന്നതു പോലെ തോന്നി. നേരിടാൻ തയ്യാറായപ്പോൾ ഭയം മാറി.