മുട്ടിൽ മരം മുറി കേസ്: ഈട്ടിത്തടികൾ കണ്ടുകെട്ടിയ നടപടി നിയമപരം
കൽപ്പറ്റ: മുട്ടിൽ മരംമുറിക്കേസിൽ പ്രതികളുടെ അപ്പീൽ തള്ളിയ കോടതി വിധിയുടെ വിശദാംശങ്ങൾ പുറത്ത്. പ്രതികളുടെ വാദങ്ങളൊന്നും നില നിൽക്കില്ലെന്ന് അഡീഷണൽ ജില്ലാകോടതിയുടെ ഉത്തരവിലുണ്ട്. ഈട്ടിത്തടികൾ കണ്ടുകെട്ടിയ ഡി. എഫ്.ഒയുടെ നടപടി നിയമപരമാണ്. തടികൾ സർക്കാരിന്റേതല്ലെന്ന് തെളിയിക്കാൻ ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ പ്രതികൾക്ക് കഴിഞ്ഞില്ല. തടിക്കച്ചവടത്തിന് ലൈസൻസുണ്ടെന്ന വാദവും തെളിയിക്കാനായില്ല. നിലവിലുള്ള നിയമങ്ങൾ സർക്കാർ ഉത്തരവുകളും സർക്കുലറുകളും കൊണ്ട് മറികടക്കാനാവില്ലെന്നും വന സമ്പത്ത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കോടതി എടുത്തുപറയുന്നു. വനം വകുപ്പിന്‌വേണ്ടി ജില്ലാ ഗവ. പ്ലീഡർ അഡ്വ.ജയപ്രമോദാണ് ഹാജരായത്. മുട്ടിൽ മരംമുറിയിലെ പ്രധാനകേസിൽ വിചാരണ ആരംഭിച്ചിട്ടുണ്ട്. കോടതി ഉത്തരവ് ദുർവ്യാഖ്യാനം ചെയ്ത് മുട്ടിൽ സൗത്ത് വില്ലേജ് പരിധിയിൽ ആദിവാസികൾ ഉൾപ്പെടെയുള്ള കർഷകരുടെ മരങ്ങൾ മുറിച്ചു കടത്തിയെന്നാണ് കേസ്.