ഡോഗ് ഷെൽട്ടറുകൾക്ക് വിജന ഭൂമി കണ്ടെത്തും
ആലപ്പുഴ: സ്ഥലപരിമിതിയും ജനവാസ മേഖലകളിൽ പൊതുജനങ്ങളുടെ എതിർപ്പും വെല്ലുവിളിയായതോടെ ഡോഗ് ഷെൽട്ടറുകൾക്ക് വനഭൂമിയോട് ചേർന്ന വിജനസ്ഥലങ്ങളിൽ ഭൂമി കണ്ടെത്താൻ നീക്കം. വനപ്രദേശങ്ങളിലും, വനങ്ങളില്ലാത്ത ജില്ലയിൽ കൃഷിയ്ക്കോ ജനവാസത്തിനോ യോഗ്യമല്ലാത്ത ആൾപ്പാർപ്പില്ലാത്ത സ്ഥലങ്ങളിലും അര ഏക്കറെങ്കിലും വിസ്തൃതിയുള്ള ഭൂമി ഡോഗ് ഹോസ്റ്റലുകൾക്ക് കണ്ടെത്താനുള്ള നടപടികളാണ് ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ ആരംഭിച്ചത്.
തലസ്ഥാനത്ത് കല്ലറ, പാങ്ങോട് തുടങ്ങിയ പ്രദേശങ്ങളിലും കൊല്ലം, പത്തനംതിട്ട, കോട്ടയം , ഇടുക്കി ജില്ലകളിൽ വനമേഖലകളോട് ചേർന്നുമാണ് ജില്ലാ മൃഗസംരക്ഷണ ഓഫീസർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിൽ ഷെൽട്ടറിനായി ഭൂമി തെരയുന്നത്. സ്ഥലം കണ്ടെത്തിയാൽ എട്ടടിയോളം ഉയരത്തിൽ വേലി സ്ഥാപിച്ച് ബന്തവസ് ചെയ്യാനും മഴയും വെയിലുമേൽക്കാതെ നായകളെ പാർപ്പിക്കാനും ഭക്ഷണത്തിനുള്ള കിച്ചൺ സൗകര്യം ക്രമീകരിക്കാനുമുള്ള പണം അനുവദിച്ചിട്ടുണ്ട്.
തെരുവുനായ നിയന്ത്രണവും പേ വിഷ പ്രതിരോധവും ലക്ഷ്യമിട്ട് സുപ്രീം കോടതി നിർദേശ പ്രകാരമാണ് സംസ്ഥാന സർക്കാർ തദ്ദേശ - മൃഗസംരക്ഷണ വകുപ്പുകളുടെ പങ്കാളിത്തതോടെ ഷെൽട്ടറിംഗ് പദ്ധതിയ്ക്ക് രൂപം നൽകിയത്. സ്ഥലപരിമിതിയും ജനസാന്ദ്രതയും എ.ബി.സി പദ്ധതി നടത്തിപ്പിന് തന്നെ വെല്ലുവിളിയായ സാഹചര്യത്തിലാണ് ജനവാസമില്ലാത്ത പ്രദേശങ്ങൾ പദ്ധതിയ്ക്കായി പരിഗണിക്കാൻ തീരുമാനിച്ചത്.
ഷെൽട്ടറിംഗിന് ജന്തുക്ഷേമ സംഘടനകൾ
സർക്കാർ ഉടമസ്ഥതയിലുള്ള ഷെൽട്ടറുകൾക്കൊപ്പം മൃഗസ്നേഹികളും ജന്തുക്ഷേമ സംഘടനകളും ഷെൽട്ടറിംഗിന് തയ്യാറായി മൃഗസംരക്ഷണ വകുപ്പിനെ സമീപിച്ചിട്ടുണ്ട്. തലസ്ഥാന നഗരിയിൽ വനിതാ പൊലീസുദ്യോഗസ്ഥയുടെ വീട്ടിൽ നിന്ന് പിടികൂടിയ അമ്പതിലധികം നായ്ക്കൾക്ക് ഷെൽട്ടറൊരുക്കിയ പൂവാറിലെ സംഘടനയുൾപ്പെടെ ഒരു ഡസനോളം സംഘടനകൾ ഇതിനോടകം തിരുവനന്തപുരം നഗരസഭയിലുൾപ്പെടെ പദ്ധതിയ്ക്കായി താൽപ്പര്യപത്രം സമർപ്പിച്ചു. നായ്ക്കളെ പരിപാലിക്കുന്നതിന് സംഘടനകൾക്ക് ചെലവിനത്തിൽ നൽകേണ്ടിവരുന്ന ഫണ്ടിന്റെ കാര്യത്തിൽ തീരുമാനമായാലുടൻ നായ്ക്കളെ ജന്തുക്ഷേമ സംഘടനക്കാരുടെ ഷെൽട്ടറുകളിലേക്ക് മാറ്റാനാകും.
കഴിഞ്ഞമാസം സുപ്രീം കോടതിയിൽ നിന്നുണ്ടായ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മിക്ക ജില്ലകളിലും ഷെൽട്ടറിംഗിന് പരിഗണിക്കാൻ കഴിയുന്ന സ്ഥലങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവിടങ്ങളിൽ സൗകര്യങ്ങൾ ഒരുക്കും. ജന്തുക്ഷേമ തൽപ്പരരായ വ്യക്തികളുടെയും സംഘടനകളുടെയും താൽപ്പര്യപത്രവും തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. സൗകര്യങ്ങൾ വിലയിരുത്തിയശേഷം തീരുമാനം കൈക്കൊള്ളും
- ജോയിന്റ് ഡയറക്ടർ , തദ്ദേശ സ്വയം ഭരണവകുപ്പ്