ഉമർഫൈസി മുക്കം വക്കഫ് ബോർഡ് അംഗം

Friday 06 February 2026 2:30 AM IST

തിരുവനന്തപുരം: സമസ്തകേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ഉമർ ഫൈസി മുക്കത്തെ വക്കഫ് ബോർഡ് അംഗമായി സർക്കാർ നാമനിർദ്ദേശം ചെയ്തു. നിലവിലെ ചെയർമാൻ അഡ്വ.എം.കെ.സക്കീർ അതേ പദവിയിൽ തുടരും. രാജ്യസഭാ എം.പി എ.എ.റഹീം,കെ.പി.കുഞ്ഞമ്മദ്കുട്ടി എം.എൽ.എ എന്നിവരുൾപ്പെടെ ഒൻപത് അംഗങ്ങളെയാണ് സർക്കാർ നാമനിർദ്ദേശം ചെയ്തിട്ടുള്ളത്. ഭേദഗതി ചെയ്യപ്പെട്ട കേന്ദ്ര വക്കഫ് നിയമപ്രകാരമാണ് പുനഃസംഘടന.

വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട നടപടികൾ ഫെബ്രുവരി 5ന് മുൻപ് പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പുതിയ ബോർഡിൽ മുസ്ലിം വിഭാഗത്തിൽ നിന്നുള്ളതല്ലാത്ത രണ്ട് പേർ വേണമെന്ന് കേന്ദ്ര വഖഫ് ഭേദഗതി നിയമത്തിൽ വ്യവസ്ഥയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പമുണ്ടായിരുന്നതിനാലാണ് പുനഃസംഘടന വൈകിയത്.

2024 ഡിസംബർ 14ന് വഖഫ് ബോർഡ് ഭരണസമിതിയുടെ കാലാവധി അവസാനിച്ചിരുന്നതാണ്.പുതിയ ബോർഡ് വരുംവരെ പഴയ ബോർഡിന് തുടരാൻ കോടതി അനുമതി നൽകിയിരുന്നു.

മറ്റ് അംഗങ്ങൾ: അഡ്വ.പി.യു.അലി,ഡോ.സറീനസലാം,സുമിതാനിസാഫ്,സി.കെ.ഉസ്മാൻഹാജി, രഹന വി.എം എന്നിവർ