എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥ ഇന്ന് മുക്കത്ത്
മുക്കം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻനയിക്കുന്ന എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മുക്കത്ത് എത്തിച്ചേരും. കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കുന്ന ജാഥയുടെ ആദ്യസ്വീകരണം മുക്കത്ത് നടക്കും. ജാഥയിൽ കെ.എസ്. സലീഖ, പി. സന്തോഷ്‌കുമാർ. എം.പി , അഡ്വ: മാത്യു കുന്നപ്പള്ളി, പി.പി. ദിവാകരൻ, അഡ്വ: പി.എം. സുരേഷ്ബാബു, മനയത്ത് ചന്ദ്രൻ , ബാബു ഗോപിനാഥ് , വടകോട് മോനച്ചൻ, അഡ്വ.എ.ജെ. ജോസഫ് , കാസിം ഇരിക്കൂർ, അഡ്വ.നൈസ് മാത്യു എന്നിവർ അംഗങ്ങളാണ്.
കേരളം കഴിഞ്ഞ 10 വർഷം നേടിയ വികസന നേട്ടങ്ങൾ വിശദീകരിക്കുന്നതിനും പൊതുജനങ്ങളുമായി വികസന കാഴ്ചപ്പാടുകൾ സംവദിക്കുന്നതിനുമായാണ് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ വികസന മുന്നേറ്റ ജാഥ നടത്തുന്നത്. മുക്കത്തെ സ്വീകരണം വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. നാടൻകലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ മുക്കം പി.സി ജംഗ്ഷനിൽ നിന്ന് ജാഥാ ക്യാപ്റ്റനെയും അംഗങ്ങളെയും തുറന്ന വാഹനത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലേക്ക് ആനയിക്കും.