ബി.ജെ.പി നേതാക്കൾക്കെതിരായ കേസ് ഭരണഘടനാവിരുദ്ധം: ശ്രീധരൻപിള്ള
കോഴിക്കോട്: ശബരിമല പ്രക്ഷോഭകാലത്ത് താനുൾപ്പെടെയുള്ള ബി.ജെ.പി നേതാക്കളെ കേസുകളിൽ പെടുത്തിയത് ഭരണഘടനാവിരുദ്ധമാണെന്ന് മുൻ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. 96 വയസുകാരനായ മുതിർന്ന നേതാവ് ഒ. രാജഗോപാലിനെ ഉൾപ്പെടെ ക്രിമിനൽ കേസുകളിൽപെടുത്തി കാടൻ ഭരണം നടത്തുകയാണ് സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് ബി.ജെ.പിക്കാർ കേസിൽ ഉൾപ്പെട്ടാൽ നേതാക്കളെ കുടുക്കുന്ന അവസ്ഥയാണുള്ളത്. മറ്റൊരു പാർട്ടിക്കെതിരെയും ഇങ്ങനൊരു നടപടിയില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഇടപെടണം. പരിഹാരം കാണാനായില്ലെങ്കിൽ ഒ.രാജഗോപാൽ ഉൾപ്പെടെയുള്ളവർക്ക് വേണ്ടി താൻ വീണ്ടും വക്കീൽ കുപ്പായം അണിയുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.
ആലപ്പുഴ മാന്നാറിൽ നടുറോഡിൽ വണ്ടി തല്ലിപ്പൊളിച്ച കേസിലെ പ്രതികൾ ഒ.രാജഗോപാൽ, പി.എസ്. ശ്രീധരൻപിള്ള, വി.മുരളീധരൻ, കെ.സുരേന്ദ്രൻ, പി.കെ. കൃഷ്ണദാസ് എന്നിവരാണ്. ഞങ്ങളാരും അന്ന് ആലപ്പുഴ ജില്ലയിലേയില്ല. ഇതെന്ത് ന്യായമാണെന്ന് സർക്കാർ പറയണം. മുൻഗവർണറായ തന്നെ എറണാകുളം പോക്സോ കോടതിയിൽ വിചാരണ ചെയ്യാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും ശ്രീധരൻപിള്ള പറഞ്ഞു.
മത്സരിക്കാൻ താത്പര്യമില്ല
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന് പാർട്ടിനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് ശ്രീധരൻപിള്ള പറഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രഭാരി മത്സരിക്കുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ യുവാക്കൾ മത്സരിക്കട്ടെയെന്നായിരുന്നു തന്റെ മറുപടി. ഒന്നും ചോദിക്കാതെ പാർട്ടി എല്ലാം തന്നു. തന്റെ സിരകളിൽ ഓടുന്ന രക്തം ബി.ജെ.പിയുടേതാണെന്നും ശ്രീധരൻപിള്ള പറഞ്ഞു.