മാദ്ധ്യമങ്ങൾക്കെതിരെ ഗോവിന്ദൻ: "നിങ്ങൾ കുഞ്ഞികൃഷ്ണ ജപിച്ചു നടന്നോളു"

Friday 06 February 2026 12:00 AM IST

കണ്ണൂർ :പയ്യന്നൂരിലെ പാർട്ടി ഫണ്ട് തട്ടിപ്പ് ആരോപണം പ്രാദേശിക വിഷയമാണെന്നും ,അത് അവിടെത്തന്നെ പരിഹരിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വികസന മുന്നേറ്റ ജാഥയുമായി ബന്ധപ്പെട്ട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "നിങ്ങൾ കുഞ്ഞികൃഷ്ണ ജപിച്ചു നടന്നോളു" .കുഞ്ഞികൃഷ്ണന് ഓരോ ദിവസവും മറുപടി നൽകാൻ കഴിയില്ല. അത് അടഞ്ഞ അദ്ധ്യായമാണെന്നും ഗോവിന്ദൻ വ്യക്തമാക്കി. വിശ്വാസികൾക്കായി നിലകൊള്ളുന്ന പ്രസ്ഥാനമാണ് സി.പി.എം. വിശ്വാസികളെ ഒഴിവാക്കി വർഗീയതക്കെതിരെ പോരാടാൻ സാധിക്കില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി. വിശ്വാസിക്ക് സഖാവാകാൻ കഴിയില്ലെന്ന സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.വർഗീയതയ്ക്ക് എതിരെയും കേരളത്തിന്റെ വികസനത്തിനുമെന്ന ജാഥയുടെ മുദ്രാവാക്യം ജനം ഏറ്റെടുത്തതിന്റെ തെളിവാണ് കണ്ണൂർ ,കാസർകോട് ജില്ലകളിൽ പരിപാടിയിൽ പങ്കെടുത്ത ജന സഞ്ചയം.. 27 വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ ശബരി പാത ഈ സർക്കാർ യാഥാർത്ഥ്യമാക്കുകയാണ്. അങ്കമാലി -എരുമേലി ശബരി റെയിൽപാതയുടെ മൊത്തം ചെലവിന്റെ 50 ശതമാനം തുകയായ 1,900 കോടിയാണ് സംസ്ഥാനം വഹിക്കുന്നത്. കിഫ്ബി വഴി ഫണ്ട് ലഭ്യമാക്കും. ലംപ്സം ഗ്രാന്റ് വർദ്ധിപ്പിച്ചതിലൂടെ 85 കോടി രൂപയുടെ ആനുകൂല്യം എട്ട് ലക്ഷം പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് ലഭിക്കുമെന്നും എം.വി ഗോവിന്ദൻ വിശദീകരിച്ചു.