അധികാരത്തിൽ വരാൻ ചിലർ മത വികാരം ഉണർത്തുന്നു: മുഖ്യമന്ത്രി

Friday 06 February 2026 2:46 AM IST

തിരുവനന്തപുരം: അധികാരത്തിൽ വരാൻ ചിലർ മതവികാരം ഉണർത്താൻ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ പത്ത് വർഷമായി അധികാരത്തിൽ പങ്കില്ലെന്ന് പറയുന്ന ശക്തികളാണ് ഈ ശ്രമം നടത്തുന്നത്. .എൻ.ജി.ഒ യൂണിയന്റെ നവീകരിച്ച സംസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് ഇന്നുള്ള സൗകര്യങ്ങളും ആനുകൂല്യങ്ങളും എല്ലാവർക്കും വേണ്ടിയുള്ളതാണ്. കഴിഞ്ഞ പത്ത് വർഷമായി കേരളത്തിൽ വർഗീയ കലാപമുണ്ടാകാത്തത് വർഗീയ ശക്തികളില്ലാത്തതു കൊണ്ടല്ല. കർക്കശവും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാട് സ്വീകരിക്കുന്നതു കൊണ്ടാണ് ഇവർക്ക് തല പൊക്കാൻ കഴിയാത്തത്. സംസ്ഥാനം അതിദാരിദ്ര്യമുക്തമായപ്പോൾ അതിനെതിരേയും പ്രചാരണം നടന്നു. ദാരിദ്ര്യമുക്തമായെന്ന് സർക്കാർ അവകാശപ്പെട്ടിട്ടില്ല. എന്നാൽ സർക്കാരിനെ എതിർക്കുന്നവരും ഒരു വിഭാഗം മാദ്ധ്യമങ്ങളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. രാജ്യത്തിന് മുന്നിൽ കേരളത്തിന്റെ യശസ് തകർക്കാൻ ശ്രമിക്കുന്നവരെ തുറന്നുകാട്ടാൻ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ, എൻ.ജി.ഒ യൂണിയൻ ജനറൽ സെക്രട്ടറി എം.വി ശശിധരൻ, പ്രസിഡന്റ് എം.എ.അജിത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.