വിൽപനയ്ക്കായി കഞ്ചാവ്, എത്തിച്ച ഡോക്ടർ അറസ്റ്റിൽ

Friday 06 February 2026 2:54 AM IST

റാന്നി: വിൽപനയ്ക്കായി യുവാക്കൾക്ക് കഞ്ചാവ് എത്തിച്ചുനൽകിയ ഡോക്ടർ അറസ്റ്റിൽ. പത്തനംതിട്ട സന്തോഷ് ജംഗ്ഷനിൽ ശ്രീകൃഷ്ണമഠത്തിൽ ദേവീകൃഷ്ണനാണ് (26) റാന്നി പൊലീസിന്റെ പിടിയിലായത്. യുക്രെയിനിൽ നിന്ന് എം.ബി.ബി.എസ് നേടിയ ദേവീകൃഷ്ണ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്.

കഴിഞ്ഞ മാസം 25ന് കാറിൽ കഞ്ചാവ് കൊണ്ടുവരുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ പത്തനംതിട്ട താന്നിമൂട്ടിൽ മുഹമ്മദ് ആഷിഫ് ഷാജി (19), പടിഞ്ഞാറേവീട്ടിൽ സഞ്ജുമനോജ് (24) എന്നിവരെ പിടികൂടിയിരുന്നു. 2.075 കിലോ കഞ്ചാവും പിടിച്ചെടുത്തു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഡോക്ടറുടെ പങ്ക് തെളിഞ്ഞത്. 2022ൽ മറ്റൊരു കഞ്ചാവു കേസിലും ഇയാൾ പ്രതിയാണ്. റാന്നി സി.ഐ മനോജ് കുമാറിന്റെ നേതൃത്വത്തിൽ എസ്. ഐ. സിബി.എസ്, എ.എസ്.ഐ. ബിജുമാത്യു,സി. പി. ഒ ശ്രീരാജ്, എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ദേവീകൃഷ്ണയെ റിമാൻഡ് ചെയ്തു. ഒളിവിൽ കഴിയുന്ന മറ്റൊരാൾക്കായി അന്വേഷണമാരംഭിച്ചു.