സി.പി.എമ്മിന്റേത് രാഷ്ട്രീയ പാപ്പരത്തം
കൊല്ലം: ഇ.എസ്.ഐ മെഡിക്കൽ കോളേജിന് എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകാത്ത സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പ് മന്ത്രിയും തൊഴിലാളി വർഗ്ഗത്തിൻറ അന്തകരാണെന്ന് യു.ടി.യു.സി സംസ്ഥാന സക്രട്ടറി ടി.സി. വിജയൻ പറഞ്ഞു. സർട്ടിഫിക്കറ്റ് നിഷേധിച്ച നടപടി ജനാധിപത്യ വിരുദ്ധവും തൊഴിലാളി ദ്രോഹവുമാണ്. പാവപ്പെട്ട തൊഴിലാളികൾക്ക് ഉന്നത നിലവാരത്തിലുള്ള ചികിത്സയും ആരോഗ്യ സംരക്ഷണവും ലഭിക്കുന്നതിൽ സംസ്ഥാന സർക്കാരിനുള്ള ദോഷം എന്താണെന്ന് വെളിപ്പെടുത്തണം. 600 കോടിയോളം രൂപ മുടക്കി ഇ.എസ്.ഐ നേരിട്ട് തൊഴിലാളികൾക്ക് ആവശ്യമായ സൗകര്യമൊരുക്കുമ്പോൾ എൻ.കെ. പ്രേമചന്ദ്രൻ എം.പി യുടെ നിരന്തരമായ ഇടപെടലിൽ കൊണ്ടുവന്ന കോളേജ് എന്നതുകൊണ്ട് അതിനെതിരെ നിലപാട് സ്വീകരിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. ആശുപത്രിയിൽ സൗകര്യങ്ങൾ ഇല്ലായെന്ന നിലയിൽ തെറ്റായ പ്രസ്താവന നൽകുന്ന സി.പി.എം ജില്ലാ സെക്രട്ടറി തൊഴിലാളി ദ്രോഹ നടപടികളെ പിന്തുണയ്ക്കുകയാണെന്നും ടി.സി. വിജയൻ ആരോപിച്ചു.